ദേശമംഗലത്ത് തെരുവുനായ ആക്രമണം

നാട്ടുകാർക്കും 
വളർത്തുമൃഗങ്ങൾക്കും കടിയേറ്റു

.
വെബ് ഡെസ്ക്

Published on Nov 03, 2025, 12:10 AM | 1 min read

ദേശമംഗലം

പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉൾപ്പെടുന്ന വറവട്ടൂർ പ്രദേശത്ത് തെരുവുനായയുടെ ആക്രമണത്തിൽ നിരവധി ആളുകൾക്കും വളർത്തുമൃഗങ്ങൾക്കും പരിക്കേറ്റു. ശനി പകൽ മൂന്നോടെയാണ് തെരുവുനായ ആക്രമണം ആരംഭിച്ചത്. വറവട്ടൂർ കാട്ടൂർ കാവ് ക്ഷേത്ര പരിസരത്തുവച്ച് കുഞ്ചുനായർ എന്നയാള്‍ക്കാണ് ആദ്യം കടിയേറ്റത്. പിന്നീട് വറവട്ടൂർ ഉന്നതിയിലെ കല്ലേരിപ്പടി കണ്ണന്‍, പള്ളത്തു വീട്ടിൽ വനജ എന്നിവര്‍ക്കും കടിയേറ്റു. കണ്ണില്‍ക്കണ്ടവരെയെല്ലാം ഓടിയെത്തിയ നായ കടിക്കുകയായിരുന്നെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. ഞായറാഴ്ച പുലർച്ചെ പള്ളിയിൽ നിന്നും നിസ്കാരം കഴിഞ്ഞ്‌ മടങ്ങുകയായിരുന്ന അയോട്ടിൽ വീട്ടിൽ യൂസഫ്, കക്കാടത്ത് വീട്ടിൽ അലി, കാർത്തികേയൻ എന്നിവർക്കും തെരുവുനായയുടെ കടിയേറ്റു. വാര്‍ഡിലെ വീടുകളിലെ നിരവധി വളർത്തുമൃഗങ്ങളേയും തെരുവുനായ കടിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ ഓട്ടുപാറ ജില്ലാ ആശുപത്രിയിലും മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിലും ചികിത്സ തേടി.



Tags
deshabhimani section

Related News

View More
0 comments
Sort by

Home