പാട്ടിന്റെ പാലാഴി തീർത്ത് വയോധികർ

പാട്ടു വീട്ടിൽ പ്രായം മറന്ന് ആനന്ദിക്കുന്നവർ
അരിമ്പൂർ
നാട്ടിലെ വയോധികരായ കലാകാരന്മാർക്ക് ആടാനും പാടാനുമായി സംഘടിപ്പിച്ച പാട്ടു വീട് ശ്രദ്ധേയമായി. 50 മുതൽ 84 വയസ്സുവരെയുള്ളവരാണ് ഈ പാട്ടുകൂട്ടായ്മയിലെ അംഗങ്ങൾ. കോണിശേരി വീട്ടിൽ കെ സി സന്തോഷ് കുമാറിന്റെ വസതിയിലാണ് കലാകാരന്മാർ ഒത്തുചേർന്നത്. അറുപതോളം വരുന്ന കലാകാരന്മാരാണ് തങ്ങളുടെ വാസനകളെ പൊടിതട്ടിയെടുത്ത് വിശ്രമ കാലം ആനന്ദകരമാക്കുന്നത്. സിനിമാറ്റിക് ഡാൻസ്, കഥാപ്രസംഗം, മിമിക്സ്, ചിത്രരചന, കെെകൊട്ടിക്കളി, യോഗ ഏതായാലും പ്രായം മറന്നവർ ചുവടുവയ്ക്കും. കുറച്ച് മാത്രം കാഴ്ച ശക്തിയുള്ള ഹരി തബല കൊട്ടി പാടും. ഹരിയുടെ പാട്ടുകൾ കൂടെയുള്ളവർക്ക് എപ്പോഴും ഊർജമേകുന്നതാണ്. 84 കാരനായ ഗംഗാധരൻ ഹാർമോണിയത്തിൽ ഈണമിടും. തബല വായിക്കാൻ മുരളിയും, പ്രോത്സാഹനമേകാൻ റിഥം പാഡുമായി കലാഭവൻ പ്രതീഷും ഒപ്പമുണ്ടാകും. അരിമ്പൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് പാട്ടുവീട്ടിൽ ഒത്തു കൂടുന്നത്. ഞായറാഴ്ചകളിൽ പാട്ടുവീട് കൂടുതൽ സജീവമാകും. ചടങ്ങുകൾക്കും പാട്ടുവീട്ടിലെ കലാകാരന്മാരുടെ പരിപാടികൾ അവതരിപ്പിക്കാറുണ്ട്. പാട്ടു വീട്ടിൽ ഞായർ ദിവസങ്ങളിൽ ഉത്സവ പ്രതീതിയാണ്. പരിഭവങ്ങളോ, പിണക്കങ്ങളോ ഇല്ല. ഓരോ നിമിഷവും ആസ്വദിച്ച് ജീവിതത്തിന്റെ സുന്ദര നിമിഷങ്ങൾ നെഞ്ചിലേറ്റി സംതൃപ്തി നേടുകയാണിവർ.








0 comments