ഓട്ടിസം തോറ്റു; സംഗീതം ജയിച്ചു

പൂജ രമേശ്
സ്വന്തം ലേഖിക
Published on Nov 09, 2025, 12:39 AM | 1 min read
തൃശൂര്‍
കര്‍ണാടക സംഗീതക്കച്ചേരി അവതരിപ്പിച്ച ഓട്ടിസം ബാധിച്ച പെണ്‍കുട്ടിയെന്ന വിലാസത്തില്‍ ലോകമറിഞ്ഞ പൂജ രമേശിന് സംസ്ഥാന സര്‍ക്കാരിന്റെ ഭിന്നശേഷി പുരസ്കാരം. കലാ, സാഹിത്യ, കായിക മേഖലകളില്‍ ഉന്നത നേട്ടം കരസ്ഥമാക്കിയ മികച്ച ഭിന്നശേഷി വ്യക്തിത്വങ്ങള്‍ എന്ന വിഭാഗത്തിലാണ് പുരസ്‌കാരം. പൂജയടക്കം നാലുപേര്‍ക്കാണ് പുരസ്‌കാരം. 25,000 രൂപയാണ് അവാര്‍ഡ്. ഒന്നരവയസ്സുവരെ സാധാരണ കുട്ടികളെപ്പോലെയായിരുന്ന പൂജ പെട്ടെന്ന് നിശ്ശബ്ദയായി. പരിശോധയിലൂടെ ഓട്ടിസമാണെന്ന് കണ്ടെത്തി. അതോടെ അച്ഛന്‍ വി ആര്‍ രമേശും അമ്മ സുജാതയും ഡോക്ടര്‍ പറഞ്ഞ മകളുടെ പ്രത്യേക കഴിവ് കണ്ടെത്താന്‍ കാതോര്‍ത്തിരുന്നു. ഇതിനിടെ പൂജ ഒരു പാട്ടുമൂളി. ക്ഷേത്രത്തില്‍ കേട്ട പാട്ടും പരസ്യത്തിന്റെ ജിങ്കിളുമൊക്കെ പാടാന്‍ തുടങ്ങി. സംസാരിക്കാനാവാത്ത കുട്ടി പാടുന്നത് വിശ്വസിക്കാനാവാത്ത അവസ്ഥയിലായിരുന്നു ആ മാതാപിതാക്കള്‍. മകള്‍ പാടുന്നുണ്ടെന്ന് വീണ്ടും ഉറപ്പാക്കിയശേഷം സംഗീതം പഠിപ്പിക്കാന്‍ തൃശൂരിലെ ഡോ. കൃഷ്ണ ഗോപിനാഥിനെ സമീപിച്ചു. ആദ്യ ക്ലാസില്‍ അലറി വിളിച്ച് പൂജ അമ്മയ്ക്കൊപ്പം വീട്ടിലേക്ക് മടങ്ങി. ഓട്ടിസത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയ അധ്യാപിക പൂജയുടെ സ്വാഭാവരീതികള്‍ക്കനുസരിച്ച് സംഗീതം പഠിപ്പിച്ചു. 2012ല്‍ കല പരശുറാമിന്റെ ശിഷ്യത്വം സ്വീകരിച്ചു. ഇതിനിടെ പൂജ വീണമീട്ടാനും തുടങ്ങി. ചേതന മ്യൂസിക് കോളേജില്‍ നിന്ന് സംഗീതത്തില്‍ ബിരുദം നേടി. ഇവിടെ ഡോ. ഫാ. പോള്‍ പൂവത്തിങ്കലിന്റെ ഇടപെടല്‍ നിര്‍ണായകമായി. 2018ല്‍ പൂജ ചേതന മ്യൂസിക് കോളേജ് ഓഡിറ്റോറിയത്തില്‍ കര്‍ണാടക സംഗീതക്കച്ചേരി അവതരിപ്പിച്ചു. ആദ്യ കച്ചേരിയോടെ ലോകമറിഞ്ഞ പൂജയ്ക്ക് കേരളത്തിനകത്തും പുറത്തുമുള്ള നിരവധി വേദികള്‍ ലഭിച്ചു. ഇതിനിടെ എംഎ സംഗീതത്തില്‍ 73 ശതമാനം മാര്‍ക്കോടെ വിജയിച്ചു. ഇന്ന് നിരവധി വേദികളിലാണ് പൂജയുടെ സ്വരമാധുര്യം ഉയരുന്നത്. തൃശൂര്‍ പാലസ് റോഡില്‍ വ-ൃന്ദാവന്‍ പാലസിലാണ് താമസം.







0 comments