ശിശുപരിചരണ കേന്ദ്രത്തിന് ചിത്രങ്ങൾ ഒരുക്കി ചിത്രകലാ പരിഷത്ത്

കോലഴിയിൽ ഒരുക്കുന്ന ശിശുപരിചരണ കേന്ദ്രത്തിൽ കേരള ചിത്രകലാ പരിഷത്തിന്റെ നേതൃത്വത്തിൽ ചിത്രം വരയ്ക്കുന്നു
പുഴയ്ക്കൽ
കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ജില്ലകളിൽ ശിശുപരിചരണ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി തൃശൂർ ജില്ലയിലും ശിശുപരിചരണ കേന്ദ്രം ഒരുക്കുന്നു. കോലഴി കൈതച്ചാൽ പ്രദേശത്താണ് ഇരുനില കെട്ടിടത്തിൽ കേന്ദ്രം ഒരുങ്ങുന്നത്. കെട്ടിടം ശിശു സൗഹൃദമാക്കുന്നതിന്നുളള പ്രാരംഭ പ്രവർത്തനങ്ങളായി. കുട്ടികൾക്ക് ആകർഷകമായ ചിത്രങ്ങളാണ് ചുമരിൽ ഒരുക്കുന്നത്. കേരള ചിത്രകലാ പരിഷത്ത് ജില്ലാ കമ്മിറ്റിയിലെ 22 ചിത്രകാരന്മാരാണ് ചിത്രങ്ങൾ ഒരുക്കുന്നത്. ഡോറ ബുജി, വിവിധതരം കാർട്ടൂണുകൾ, മൃഗങ്ങൾ, പക്ഷികൾ, സ്പൈഡർമാൻ, ടോം ആൻഡ് ജെറി, ഡൈനോസർ തുടങ്ങിയ ശിശു സൗഹൃദ ചിത്രങ്ങളാണ് വരച്ചത്. ജില്ലാ ആശുപത്രിയിലെ അമ്മ തൊട്ടിലിൽ ലഭിക്കുന്ന കുട്ടികളും അസുഖങ്ങൾ ബാധിച്ച മാതാപിതാക്കളുള്ള കുട്ടികൾക്കാണ് ശിശുപരിചരണ കേന്ദ്രം ഒരുങ്ങുന്നത്. "വീട്' എന്ന പേരിൽ തുടങ്ങുന്ന ശിശുപരിചരണ കേന്ദ്രത്തിൽ നാല് വയസ്സുവരെയുള്ള കുട്ടികളുടെ പരിചരണമാണ് നൽകുന്നത്. ചിത്രകലാകാരന്മാരായ സോമൻ അഥീന, കെ എസ് ഹരിദാസ്, പി എസ് ഗോപി, എ വി ശ്രീകുമാർ, ജോയ് മാത്യു, എം രാധ, ലീന ഡേവീസ്, ഡാർളി ഡേവീസ്, ഇ ജെ ജോഷി, ടി എം ബിനോജ്, മനോജ് മുണ്ടപ്പാട്, ഒ ആർ സദാനന്ദൻ, സി എൽ സണ്ണി, അജിത്ത് സ്മൂത്ത്, ഡേവീസ് വരന്തരപ്പിളളി, ശിശുക്ഷേമ സമിതി സംസ്ഥാന എക്സി. കമ്മറ്റിയംഗം എം കെ പശുപതി എന്നിവരാണ് ചിത്ര രചനയ്‌ക്ക് നേതൃത്വം നൽകുന്നത്.









0 comments