നിറഞ്ഞു, എം ടിയും കുട്ടികളും

തൃശൂർ സാഹിത്യ അക്കാദമിയിൽ നടക്കുന്ന സാർവദേശീയ സാഹിത്യോത്സവത്തിൽ എം ടി കഥയും കാലവും സെഷനിൽ എം മുകുന്ദൻ സംസാരിക്കുന്നു. സിർപ്പി ബാലസുബ്രഹ്മണ്യം ഖദീജ മുംതാസ് എന്നിവർ സമീപം
തൃശൂർ
സാഹിത്യലോകത്തെ മലയാളിയുടെ തലപ്പൊക്കമായ മൺമറഞ്ഞ മഹാപ്രതിഭ എംടിയെക്കുറിച്ചുള്ള ചർച്ചകളും വർത്തമാനങ്ങളും നിറഞ്ഞ് സാർവദേശീയ സാഹിത്യോത്സവം. സാഹിത്യോത്സവത്തിന്റെ ഒന്നാം വേദി ബഷീർ രണ്ടാം ദിനത്തിൽ എം ടി സ്‌മൃതികളാൽ നിറഞ്ഞു. എം ടി വാസുദേവൻ നായരോടുള്ള ആദര സൂചകമായി പ്രധാന വേദിയിലെ മുഴുവൻ പരിപാടികളും എംടിയെക്കുറിച്ചായിരുന്നു. ‘എംടി: കാലം കഥ കാഴ്‌ച’ എന്ന പേരിൽ നാല് സെഷനുകളിലായി എംടിയുടെ വ്യക്തിത്വത്തിന്റെ അനേകം മാനങ്ങൾ വ്യക്തമാക്കുന്ന സമൂഹത്തിന്റെ പല മേഖലകളിൽനിന്നുള്ളവർ ഭാഗമായ ചർച്ചകൾ നടന്നു. നാലു സെഷനുകളിലായി സാഹിത്യോത്സവം എംടിക്ക് ആദരം അർപ്പിച്ചു. ഒന്നാം വേദിയിൽ എം ടി നിറഞ്ഞപ്പോൾ മൂന്നാം വേദിയായ ചങ്ങമ്പുഴ ഹാളിൽ വരാനിരിക്കുന്ന കാലത്തിന്റെ സാംസ്‌കാരിക പ്രവർത്തകരുടേതായിരുന്നു. സാഹിത്യോത്സവത്തിൽ ആദ്യമായി കുട്ടികൾക്ക് ഇടമൊരുക്കി വരും തലമുറയെക്കൂടി അക്ഷരലോകത്തേക്ക് ചേർത്തുപിടിച്ചു. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെയാണ് ‘കുട്ടികളുടെ സാഹിത്യോത്സവം’ എന്ന ആശയം സാധ്യമാക്കിയത്. അഞ്ച് സെഷനുകളിലായി കുട്ടികളുടെ സാഹിത്യശിൽപ്പശാല സംഘടിപ്പിച്ചു. കുട്ടികളിൽ വായനയും എഴുത്തും പ്രചോദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ശിൽപ്പശാല കുട്ടികൾക്ക് പുതു ദിശാബോധമാണ് നൽകിയത്. രണ്ടാം വേദിയായ എംടിയിൽ വിവിധ വിഷയങ്ങളിൽ നാല് പാനൽ ചർച്ചകളാണ് നടന്നത്. എന്റെ സങ്കൽപ്പത്തിലെ വായനക്കാർ സെഷനിൽ എൻ രേണുക അധ്യക്ഷയായി. ഹരിത സാവിത്രി, ആർ രാജശ്രീ, ശ്രീജിത്ത് പെരുന്തച്ചൻ, സോണിയ ചെറിയാൻ എന്നിവർ സംസാരിച്ചു. ജനാധിപത്യവും ന്യൂനപക്ഷങ്ങളും സെഷനിൽ കെ വി അബ്ദുൾഖാദർ അധ്യക്ഷനായി. സെബാസ്റ്റ്യൻ പോൾ, പി വി കൃഷ്ണൻ നായർ, പി പി അബ്‌ദുൾ റസാഖ് എന്നിവർ സംസാരിച്ചു. സാഹിത്യ വിമർശവും നവമാധ്യമങ്ങളും എന്നതിൽ ടി വി സുനീത അധ്യക്ഷയായി. സി ആർ പ്രസാദ്, ഒ പി സുരേഷ്, രാംമോഹൻ പാലിയത്ത് എന്നിവർ സംസാരിച്ചു. കവിതയും ഗാനവും എന്ന സെഷനും നടന്നു. പി ഡി നിഖിൽ ദാസ് രചനയും സംവിധാനവും നിർവഹിച്ച അടാട്ട് പഞ്ചമി തിയറ്റേഴ്‌സിന്റെ പൊറാട്ട് നാടകവും അരങ്ങേറി. ഇങ്ങനെ വൈവിധ്യങ്ങളാൽ സമ്പന്നമായാണ് സാർവദേശീയ സാഹിത്യോത്സവത്തിന്റെ രണ്ടാം ദിനം സമാപിച്ചത്.









0 comments