സാബ്രിയുടെ അരങ്ങേറ്റം ഒക്ടോബര്‍ 2ന്

സാബ്രി
തൃശൂര്‍
കേരള കലാമണ്ഡലത്തിലെ ആദ്യ മുസ്ലീം കഥകളി വിദ്യാര്‍ഥിനി സാബ്രിയുടെ അരങ്ങേറ്റം വ്യാഴാഴ്ച രാത്രി എട്ടിന് കേരള കലാമണ്ഡലത്തില്‍ നടക്കുമെന്ന് സാബ്രിയുടെ അച്ഛന്‍ നിസാം അമ്മാസ് അറിയിച്ചു. പത്താംതരം വിദ്യാര്‍ഥിനിയായ സാബ്രി പുറപ്പാടാണ് അവതരിപ്പിക്കുന്നത്. സാബ്രിയുടെ ഇഷ്ടവേഷം കൃഷ്ണന്റേതാണ്. മതത്തിന്റെ പേരില്‍ മനുഷ്യരെയും കലയെയും വേര്‍തിരിച്ചു കാണേണ്ടതില്ലെന്ന സന്ദേശമാണ് സാബ്രിയുടെ കൃഷ്ണവേഷം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. പകല്‍ മൂന്നിന് ചുട്ടികുത്ത് ആരംഭിക്കും. 2023ലാണ് എട്ടാം തരത്തില്‍ കഥകളി പഠനത്തിന് സാബ്രി കലാമണ്ഡലത്തില്‍ പ്രവേശനം നേടുന്നത്. കൊല്ലം അഞ്ചല്‍ സ്വദേശിനിയാണ്. അനീസയാണ് അമ്മ. സഹോദരന്‍ മുഹമ്മദ് യാസിന്‍. 2021ലാണ് കലാമണ്ഡലത്തില്‍ കഥകളി പഠിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കിത്തുടങ്ങിയത്. കെകെഎം സംരക്ഷണ സമിതി സെക്രട്ടറി കെ ജയകുമാറും വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചു.









0 comments