വിലങ്ങുമായി രക്ഷപ്പെട്ട പ്രതിയും കൂട്ടാളികളും അറസ്റ്റിൽ

ചേർപ്പ്
വിലങ്ങുമായി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെയും ഇയാളെ സഹായിച്ച രണ്ടു പേരെയും മയക്കുമരുന്ന് കേസിൽ മറ്റൊരാളെയും ചേർപ്പ് പൊലീസ് അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കേസിൽ അറസ്റ്റിലായിരിക്കെ രക്ഷപ്പെട്ട ചൊവ്വൂർ മാളിയേക്കൽ വീട്ടിൽ ജിനു ജോസ് (ഡൈമൺ, 31), ജിനുവിനെ സഹായിച്ച പെരിഞ്ചേരി വട്ടമാവ് എറാട്ട് വീട്ടിൽ ദിൽജിത്ത് (30), പെരിഞ്ചേരി തൃവേണി നഗർ സ്വദേശി കുണ്ടോളിപ്പറമ്പിൽ അരുൺ (38), മയക്കുമരുന്ന് ഇടപാടിൽ ജിനു ജോസിന്റെ കൂട്ടാളി ചേർപ്പ് എട്ടുമുനയിലെ പുതിയേടത്ത് വീട്ടിൽ ജിഷ്ണു (മുടിയൻ, 31) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: എട്ടുമുനയിലുള്ള വീട് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്ന പുതിയേടത്ത് വീട്ടിൽ ജിഷ്ണുവിനെ എംഡിഎംഎയുമായി പൊലീസും ഡാൻസാഫും ചേർന്ന് വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്ക് എംഡിഎംഎ എത്തിച്ചു നൽകിയത് ജിനു ജോസാണന്ന് ചോദ്യംചെയ്യലിൽ മനസ്സിലാക്കിയ പൊലീസ് ചൊവ്വൂരിലെ വീട്ടിലെത്തി ജിനുവിനെയും പിടികൂടുകയായിരുന്നു. ഒരു കൈയിൽ വിലങ്ങിട്ട് ശേഷം മറുകൈയിലും ഇടുന്നതിനിടെ പൊലീസിനെ തള്ളിമാറ്റി വിലങ്ങുമായി ജിനു ഓടി രക്ഷപ്പെട്ടു. പിന്നീട് അന്വേഷണത്തിനിടെ വെള്ളിയാഴ്ച രാവിലെ പെരിഞ്ചേരിയിലുള്ള വീടിന് മുകളിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ച ജിനുവിനെയും വിലങ്ങ് മുറിക്കാനും ഒളിവിൽ കഴിയാനും സഹായിച്ച കൂട്ടാളികളെയും പൊലീസ് പിടികൂടി. ജിനു ജോസ് പേരാമംഗലത്ത് 2019 ൽ രണ്ട് യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയ കേസിലും വധശ്രമം, പൊലീസിനെ ആക്രമിക്കൽ, മോഷണം, അടിപിടി എന്നീ കേസുകളിലും പ്രതിയാണ്. മറ്റ് പ്രതികളും വിവിധ സ്റ്റേഷനുകളിലെ ക്രിമിനൽ കേസ് പ്രതികളാണ്.









0 comments