തമിഴ്‌നാട് വാല്‍പ്പാറയില്‍ കുട്ടിയെ പുലി കടിച്ചു കൊന്നു

നൂറിൻ ഇസ്ലാമിന്റെ മൃതദേഹം
ചാലക്കുടി
തമിഴ്‌നാട് കോയമ്പത്തൂർ ജില്ലയിലെ വാല്‍പ്പാറയില്‍ എട്ട് വയസ്സുകാരനെ പുലി കടിച്ചു കൊന്നു. അസം സ്വദേശികളുടെ മകന്‍ നൂറിൻ ഇസ്ലാം ആണ് മരിച്ചത്. തിങ്കൾ വൈകിട്ട് ആറരയോടെ വേവർലി എസ്റ്റേറ്റിലാണ് സംഭവം. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന കുട്ടിയെ പുലി കടിച്ചെടുത്ത് കൊണ്ടു പോയി. കുട്ടിയെ കാണാതായതോടെ രക്ഷിതാക്കളും തഹസില്‍ദാരുമടക്കം അന്വേഷണം നടത്തുന്നതിനിടെ തേയിലത്തോട്ടത്തിനു നടുവില്‍നിന്നാണ് മൃതദേഹം കണ്ടുകിട്ടിയത്. മുഖത്തിന്റെ ഒരു ഭാഗമടക്കം പുലി കടിച്ചെടുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിന്റെ പല ഭാഗങ്ങളും പുലി ഭക്ഷിച്ചു. ആളുകൾ തെരച്ചിൽ നടത്തുന്നതിന്റെ ശബ്ദം കേട്ട് പുലി കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. ഒരുമാസം മുമ്പ് വാല്‍പ്പാറയില്‍ ആറു വയസ്സുകാരിയെ പുലികടിച്ചു കൊന്നിരുന്നു. പുലിയെ എത്രയും വേഗം പിടികൂടണമെന്ന് എസ്റ്റേറ്റ് തൊഴിലാളികൾ വനം വകുപ്പിനോട് ആവശ്യപ്പെട്ടു. മൃതദേഹം വനം വകുപ്പ് ഉദ്യോഗസ്ഥർ പോസ്റ്റ്‌മോർട്ടത്തിനായി വാൽപ്പാറ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അതേ സമയം കുട്ടിയെ പിടിച്ചത് കരടിയാണെന്ന സംശയവും ഉയർന്നിട്ടുണ്ട്. പോസ്റ്റ് മോർട്ത്തിന് ശേഷമേ സ്ഥിരീകരിക്കാനാവു.









0 comments