ഓൺലൈൻ തട്ടിപ്പ്: പ്രതി അറസ്റ്റിൽ

നസീബ്
ഇരിങ്ങാലക്കുട
ഓൺലൈൻ ഷെയർ ട്രേഡിങ്ങിലൂടെ 10 ലക്ഷം രൂപ തട്ടിയ കേസിൽ പ്രതിയായ കമീഷൻ ഏജന്റിനെ എറണാകുളം കുമ്പളങ്ങിയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ മണ്ണംഞ്ചേരി സ്വദേശി പനയിൽ വീട്ടിൽ നസീബ് (29) ആണ് പിടിയിലായത്. ഇരിങ്ങാലക്കുട കാരുകളങ്ങര സ്വദേശി കൊളക്കാട്ടിൽ വീട്ടിൽ രാഗേഷ് (37) ആണ് തട്ടിപ്പിനിരയായത്. പ്രതികൾ നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്ത രാഗേഷ് ഒരു ടെലിഗ്രാം ഗ്രൂപ്പിൽ അംഗമായി. ഈ ഗ്രൂപ്പിലൂടെ ലഭിച്ച നിർദേശങ്ങൾ അനുസരിച്ച് ട്രേഡിങ് നടത്തിയ രാഗേഷിൽ നിന്ന് 2025 ജനുവരി 19നും 21 നുമിടെ പലതവണയായി 10,01,780 രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. ട്രേഡിങ് സൈറ്റിൽ 15 ലക്ഷം രൂപ ബാലൻസ് ഉള്ളതായി കാണിച്ചെങ്കിലും പണം പിൻവലിക്കാൻ കഴിഞ്ഞില്ല. ഇക്കാര്യം ടെലിഗ്രാം വഴി അറിയിച്ചപ്പോൾ, പണം പിൻവലിക്കാൻ ടാക്സ് ഇനത്തിൽ ആറ് ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പാണെന്ന് രാഗേഷിന് മനസ്സിലായത്. ഓൺലൈൻ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യാനുള്ള ദേശീയ ഹെൽപ്‌ലൈൻ നമ്പറായ 1930-ൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തത്. തട്ടിപ്പ് പണം കൈമാറ്റം ചെയ്യുന്നതിനായി സ്വന്തം ബാങ്ക് അക്കൗണ്ട് പ്രധാന പ്രതികൾക്ക് നൽകി 10,000 രൂപ കമീഷൻ കൈപ്പറ്റി തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ടതിനാണ് നസീബിനെ കേസിൽ പ്രതി ചേർത്തത്. നസീബിന്റെ ബാങ്ക് അക്കൗണ്ട് മുഖേന രാഗേഷിൽ നിന്ന് തട്ടിയെടുത്ത പണത്തിൽ നിന്ന് 5,08,600 രൂപയാണ് കൈമാറ്റം ചെയ്തത്. ഇരിങ്ങാലക്കുട എസ്എച്ച്ഒ കെ ജെ ജിനേഷ്, ജിഎസ്ഐ എം എ മുഹമ്മദ് റാഷി, ജിഎഎസ്ഐ കെ കെ പ്രകാശൻ, ജിഎസ് സിപിഒ എം എസ് സുജിത്ത് എന്നിവരടങ്ങിയ അന്വേഷകസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.









0 comments