ഗുരുവായൂർ ഗോകുൽ ചരിഞ്ഞു

ഗുരുവായൂർ ഗോകുലിന് ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ പുഷ്പചക്രം അർപ്പിക്കുന്നു
ഗുരുവായൂർ
ഗുരുവായൂർ ദേവസ്വം കൊമ്പൻ ഗോകുൽ ചരിഞ്ഞു. തിങ്കൾ പകൽ ഒന്നോടെയാണ് ആനക്കോട്ടയില്‍വച്ച് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. 35 വയസ്സാണ് പ്രായം. ഉത്സവപ്പറമ്പുകളില്‍ ഏറെ ആരാധകരുള്ള ആനകളില്‍ ഒന്നാണ് ഗുരുവായൂര്‍ ഗോകുല്‍. ശ്വാസതടസ്സമാണ് മരണകാരണമെന്ന് അധികൃതര്‍ അറിയിച്ചു. മൂന്ന് പതിറ്റാണ്ടായി ഗുരുവായൂർ ക്ഷേത്രത്തിലെ ചടങ്ങുകളിൽ പങ്കെടുക്കാറുണ്ട്. ആനയോട്ടത്തിൽ ഒന്നാമനായിട്ടുണ്ട്. എറണാകുളം ചുള്ളിക്കൽ അറയ്ക്കൽ രഘുനാഥൻ 1994ൽ ഗുരുവായൂർ ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയ ആനയാണ്. ഫെബ്രുവരിയിൽ കൊയിലാണ്ടിയില്‍ കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിന് ഗുരുവായൂരിലെ തന്നെ കൂട്ടാന പീതാംബരന്റെ കുത്ത് ഗോകുലിന് ഏറ്റിരുന്നു. ആഴത്തിലുള്ള മുറിവായിരുന്നു. അതിനുശേഷം ഗോകുൽ ക്ഷീണിതനായിരുന്നു. ഇക്കുറി തൃശൂര്‍ പൂരത്തിന് പങ്കെടുത്തിരുന്നു. ഒന്നര മാസമായി ഗോകുല്‍ പുറത്തേക്ക് പോയിരുന്നില്ല. ഗോകുല്‍ ചരിഞ്ഞതോടെ ആനക്കോട്ടയിലെ ആനകളുടെ എണ്ണം 33 ആയി ചുരുങ്ങി.ആന ഗോകുലിന് ദേവസ്വം അന്തിമോപചാരമേകി. ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ പുഷ്പചക്രം അർപ്പിച്ചു.









0 comments