അവശനിലയില്‍ കാട്ടുകൊമ്പൻ
ഗുരുതര ശാരീരിക അവശതയില്ലെന്ന് വനംവകുപ്പ്

ചാലക്കുടി
വാഴച്ചാല്‍ വനം ഡിവിഷനിലെ ഏഴാറ്റുമുഖത്ത് അവശനിലയില്‍ കണ്ടെത്തിയ കാട്ടുകൊമ്പന് ഗുരുതര ശാരീരിക അവശതയില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കാട്ടുകൊമ്പനെ അവശനിലയില്‍ അതിരപ്പിള്ളി റെയ്ഞ്ചിലെ വെറ്റിലപ്പാറയില്‍ കണ്ടത്. തുടര്‍ന്ന് ആനയെ നിരീക്ഷിക്കാനായി അതിരപ്പിള്ളി റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിൽ അതിരപ്പിള്ളി, ഏഴാറ്റുമുഖം ഫോറസ്റ്റ് ഡിവിഷനിലെ ആറ് വീതം ജീവനക്കാരെ ഉള്‍പ്പെടുത്തി രണ്ട് സംഘത്തെ നിയോഗിച്ചിരുന്നു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എറണാകുളത്ത് നിന്ന് അസി. ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. ബിനോയ് സി ബാബു എത്തി ആനയെ നിരീക്ഷിച്ചു. ചൊവ്വാഴ്ച ആന ചെറിയ തോതില്‍ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും തുടങ്ങിയതായി നിരീക്ഷണത്തില്‍ കണ്ടെത്തി. ആനയുടെ വിസര്‍ജ്യം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ബുധനാഴ്ച ആന പുഴ മുറിച്ച് കടന്ന് തുരുത്തില്‍ മറ്റാനകള്‍ക്കൊപ്പം ചേര്‍ന്നതായും നിരീക്ഷണത്തില്‍ കണ്ടെത്തി. ആനയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഏഴാറ്റുമുഖത്തും വെറ്റിലപ്പാറയിലും നിത്യേന വന്നുപോകുന്ന കൊമ്പനാണിത്.









0 comments