വോട്ടിങ് യന്ത്രം പരിശോധന ആരംഭിച്ചു
തദ്ദേശ തെരഞ്ഞെടുപ്പിന് ഒരുക്കം തുടങ്ങി

തൃശൂർ
ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം ആരംഭിച്ചു. തെരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന ആരംഭിച്ചു. തൃശൂർ താലൂക്ക് ഓഫീസ് അങ്കണത്തിലാണ് പരിശോധന. ഒരുമാസം നീണ്ടുനിൽക്കും. പരിശോധനയുടെ ഭാഗമായി 13,240 ബാലറ്റ് യൂണിറ്റും 4, 880 കൺട്രോൾ യൂണിറ്റും പരിശോധിക്കും. ഒരുദിവസം 15 ടേബിളുകളിലായി 12 റൗണ്ട് പരിശോധന നടത്തും. റവന്യൂ വകുപ്പിൽനിന്നും തദ്ദേശസ്വയംഭരണ വകുപ്പിൽനിന്നുമായി 66 ഉദ്യോഗസ്ഥരാണ് പരിശോധനയിലുള്ളത്. ത്രിതല പഞ്ചായത്തുകളിലേക്കുള്ള വോട്ടിങ് യന്ത്രങ്ങളുടെ പ്രാഥമിക പരിശോധനയാണ് വെള്ളിയാഴ്ച ആരംഭിച്ചത്. നഗരസഭകളിലേക്കുള്ള വോട്ടിങ് യന്ത്രങ്ങളുടെ പരിശോധന പിന്നീട് നടക്കും. മൂന്ന് ബാലറ്റ് മെഷീനുകളും ഒരു കൺട്രോൾ യൂണിറ്റുമാണ് ഓരോ ബൂത്തിലുമുണ്ടാവുക. തദ്ദേശ തെരഞ്ഞെടുപ്പിൽ വി വി പാറ്റ് ഉപയോഗിക്കില്ല. ഹൈദരാബാദിലെ ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യയിലെ എൻജിനിയർമാരാണ് പരിശോധനയ്ക്ക് സാങ്കേതിക സഹായം നൽകുന്നത്. ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ബുധനാഴ്ച കലക്ടറേറ്റിൽ നടത്തി. ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ കെ കൃഷ്ണകുമാർ, ചാർജ് ഓഫീസർ കെ ജി പ്രാൺസിങ്, ഡെപ്യൂട്ടി തഹസിൽദാർ എം എസ് മുരളി, ഭരത് ദർശൻ, കെ കെ സനിൽകുമാർ എന്നിവർ സംസാരിച്ചു.









0 comments