കാട്ടുപന്നികൾ പടവല കൃഷി നശിപ്പിച്ചു

ആമ്പല്ലൂർ
അളഗപ്പനഗർ പഞ്ചായത്തിലെ കാവല്ലൂർ പച്ചളിപ്പുറത്ത് കാട്ടുപന്നികൾ അഞ്ചേക്കറോളം സ്ഥലത്തെ പടവല കൃഷി നശിപ്പിച്ചു. കുഴുപ്പിള്ളി രവിയുടെ കൃഷിയിടത്തിലാണ് കാട്ടുപന്നികൾ ഇറങ്ങിയത്. 7 ഏക്കർ സ്ഥലം പാട്ടത്തിനെടുത്താണ് രവി കൃഷിയിറക്കിയത്. വിളവെടുത്ത് തുടങ്ങിയ കൃഷി നശിച്ചതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. 600 ഓളം പടവലങ്ങയുടെ കടഭാഗത്തെ മണ്ണ് കാട്ടുപന്നികൾ കുത്തിയിളക്കിയ നിലയിലാണ്. കഴിഞ്ഞദിവസം വിളവെടുക്കാൻ എത്തിയപ്പോഴാണ് കൃഷി നശിച്ച നിലയിൽ കണ്ടത്. പ്രദേശത്തെ ഉപയോഗശൂന്യമായ പറമ്പുകൾ കാട്ടുപന്നികളുടെ ആവാസകേന്ദ്രമായതായി കർഷകർ പറയുന്നു. കർഷകനുണ്ടായ നഷ്ടം നികത്താൻ കൃഷി വകുപ്പും പഞ്ചായത്തും അടിയന്തര നടപടി സ്വീകരിക്കണമെന്ന് കർഷകസംഘം കൊടകര ഏരിയ കമ്മിറ്റിയും കർഷകക്കൂട്ടായ്മയും ആവശ്യപ്പെട്ടു. രണ്ട് ലക്ഷം രൂപയുടെ നഷ്ടമാണ് കർഷകനുണ്ടായത്. മാസങ്ങളായി പ്രദേശത്ത് കാട്ടുപന്നിശല്യം രൂക്ഷമാണ്. പഞ്ചായത്തിന്റെയും കർഷകരുടെയും നേതൃത്വത്തിൽ പലതവണ കാട്ടുപന്നികളെ വെടിവച്ച് കൊന്നിരുന്നു. കാട്ടുപന്നികളെ കൊല്ലാനായി കൂടുതൽ ഷൂട്ടർമാരെ നിയോഗിക്കണമെന്നും കർഷകകൂട്ടായ്മ ആവശ്യപ്പെട്ടു.
0 comments