അന്തിക്കാട് പൊലീസ് ക്യാമ്പ് പൂട്ടിച്ച വി എസ്

2002ൽ ചെത്ത് തൊഴിലാളികളുടെ കലക്ടറേറ്റ് മാർച്ചിന് നേരെ പൊലീസ് നടത്തിയ മർദനത്തിൽ പരിക്കേറ്റ തൊഴിലാളികളെ ചികിത്സിക്കാനായി അന്തിക്കാട്ടെ സിഐടിയു ഓഫീസിൽ ആരംഭിച്ച ആയുർവേദ ക്യാമ്പ് സന്ദർശിച്ച് പുറത്തേക്ക് വരുന്ന വി എസ് അച്യുതാനന്ദൻ
അന്തിക്കാട്
ചെത്തുതൊഴിലാളി വിരുദ്ധ നിലപാട് സ്വീകരിച്ച ആന്റണി സർക്കാരിനെതിരെ 2002ൽ സമരംചെയ്ത തൊഴിലാളികളെ ക്രൂരമർദനത്തിനിരയാക്കിയ പൊലീസ് വാഴ്ചയെ ചോദ്യംചെയ്ത് അന്നത്തെ പ്രതിപക്ഷനേതാവായ വി എസ് അച്യുതാനന്ദൻ അന്തിക്കാട്ടെത്തിയത് ചോരതിളയ്ക്കുന്ന ഓർമയായി ചെത്തുതൊഴിലാളികളും നാട്ടുകാരും മനസ്സിൽ സൂക്ഷിക്കുന്നു. 2002 ജൂൺ നാലിന് തൃശൂർ കലക്ടറേറ്റിലേക്ക് സിഐടിയു–എഐടിയുസി നേതൃത്വത്തിൽ ചെത്തുതൊഴിലാളികൾ നടത്തിയ ഐതിഹാസിക മാർച്ചിനെ പൊലീസ് നേരിട്ടത് കിരാത മർദനത്തിലൂടെയായിരുന്നു. 150 ഓളം തൊഴിലാളികൾക്കാണ് മർദനമേറ്റത്. സമരത്തെത്തുടർന്ന് അന്തിക്കാട് ആൽ സെന്ററിലെ കമ്യൂണിറ്റി ഹാളിൽ പൊലീസ് ക്യാമ്പ് ആരംഭിച്ചു. രാമവർമപുരം ക്യാമ്പിൽ നിന്ന് നൂറുകണക്കിന് പൊലീസുകാർ അന്തിക്കാടും പരിസരത്തും തമ്പടിച്ചു. സമരത്തിൽ പങ്കെടുത്ത തൊഴിലാളികളുടെ വീടുകളായിരുന്നു ലക്ഷ്യം. റിമാൻഡ് ചെയ്യാൻ കഴിയാത്ത തൊഴിലാളികളുടെ വീടുകളിൽ രാത്രിയിൽ ഗുണ്ടകളെപ്പോലെ പൊലീസ് കയറിച്ചെന്നു. 15 ദിവസത്തിനുശേഷം ജയിൽ മോചിതരായ തൊഴിലാളികൾക്ക് സിഐടിയു ഓഫീസിലും ചടയംമുറി സ്മാരകത്തിലുമായി ആയുർവേദ ചികിത്സാ ക്യാമ്പൊരുക്കിയിരുന്നു. ഈ വിവരമറിഞ്ഞാണ് വി എസ് അന്തിക്കാട്ടെത്തിയത്. ചികിത്സയിലുള്ള തൊഴിലാളികളെ സന്ദർശിച്ചശേഷം അദ്ദേഹം അന്തിക്കാട് പൊലീസ് സ്റ്റേഷൻ ലക്ഷ്യമാക്കി നടന്നു. രാഷ്ട്രീയത്തിനപ്പുറം വി എസിനു പിറകിൽ അന്തിക്കാട് ഗ്രാമം ജാഥയായി അണിനിരന്നു. എസ്ഐയും മറ്റു പൊലീസുകാരും പ്രതിപക്ഷ നേതാവിനെ സല്യൂട്ട് നൽകി സ്വീകരിച്ചു. ഇരിക്കാൻ നൽകിയ കസേര തട്ടിമാറ്റി എസ്ഐയോട് അദ്ദേഹം ക്ഷുഭിതനായി. സൽക്കാരമൊന്നും വേണ്ടെന്ന് എസ്ഐയുടെ മുഖത്തേക്ക് വിരൽചൂണ്ടി വി എസ് ഗർജിച്ചു. ‘എന്റെ തൊഴിലാളി സഖാക്കളെ ഇനി തൊട്ടാൽ വിവരമറിയും. തൊപ്പി വയ്ക്കാൻ തലയുണ്ടാകില്ല’. പൊലീസ് മാത്രമല്ല, കൂടെയുണ്ടായിരുന്നവർ ഒന്നടങ്കം ഞെട്ടി. വി എസിൽനിന്ന് ഇത്തരം ഒരു പ്രതിഷേധം ആരും പ്രതീക്ഷിച്ചിരുന്നില്ല. പൊലീസ് വിറച്ചു എന്നു മാത്രമല്ല, ആ ഒരൊറ്റ വാക്കുകൊണ്ട് കമ്യൂണിറ്റി ഹാളിലെ ക്യാമ്പ് അന്നുതന്നെ പിരിച്ചുവിടുകയും ചെയ്തു.









0 comments