യുവാവ് കുത്തേറ്റുമരിച്ച സംഭവം: 2 പേർ അറസ്റ്റിൽ

തിരുവനന്തപുരം
യുവാക്കൾ തമ്മിലുള്ള തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ പത്തൊന്പതുകാരൻ കുത്തേറ്റുമരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ജഗതി ടിസി 16/925 സന്ദീപ് ഭവനിൽ സന്ദീപ് (25), കുന്നുകുഴി തേക്കുംമൂട് തോട്ടുവരമ്പുവീട്ടിൽ അഖിലേഷ് (20) എന്നിവരെയാണ് ചൊവ്വാഴ്‌ച കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ക്രിമിനൽ കേസുകളിലുള്‍പ്പെട്ടിട്ടുള്ള സന്ദീപ് കാപ്പ കേസിലെ പ്രതിയാണ്. പ്രായപൂർത്തിയാകാത്ത രണ്ട് വിദ്യാർഥികളെയും കസ്റ്റഡിയിലെടുത്തതായി എസ്‌എച്ച്‌ഒ പ്രതീഷ് ശശി പറഞ്ഞു. തിങ്കൾ വൈകിട്ട് അഞ്ചോടെ തൈക്കാട് ശാസ്‌താ ക്ഷേത്രത്തിനുസമീപമാണ് സംഭവം. തമ്പാനൂർ അരിസ്റ്റോ ജങ്‌ഷൻ തോപ്പിൽ ഡി47ൽ സുവിശേഷ വിദ്യാർഥി അലനെ (19)യാണ് കുത്തിക്കൊന്നത്. കമ്പികൊണ്ട് ഇടത് നെഞ്ചിൽ ആഴത്തിൽ കുത്തേൽക്കുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് ആയുധം പൊലീസ് കണ്ടെത്തി. ഫോറൻസിക് വിദഗ്‌ധരും സ്ഥലത്തെത്തി പരിശോധിച്ചു. മുഖ്യപ്രതി ഒളിവിലാണ്. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചു. കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മൂന്നുപേർ ഒളിവിലാണ്. ഒരു മാസംമുമ്പ് രണ്ട് പ്രാദേശിക ക്ലബ്ബുകളുടെ ഫുട്ബോൾ മത്സരത്തിലുണ്ടായ തർക്കം പരിഹരിക്കാൻ തിങ്കളാഴ്ച നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയാണ് കൊലപാതകത്തിൽ കലാശിച്ചത്. ചർച്ചയ്ക്കിടെ ഇരുസംഘങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കവും സംഘർഷവുമുണ്ടാകുകയായിരുന്നു. ഇതിനിടെ സന്ദീപിനെയും പ്രായപൂർത്തിയാകാത്ത കുട്ടിയെയും വിളിച്ചുവരുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അലനെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ചുവീഴ്ത്തിയശേഷമാണ് കുത്തിയത്. ഹൃദയത്തിനേറ്റ മാരക പരിക്കാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. പ്രതികളെ കോടതി റിമാൻഡ് ചെയ്‌തു. പ്ലസ്‌ടു പഠനം പാതിവഴിയിലുപേക്ഷിച്ച് മഹാരാഷ്‌ട്രയിൽ മതപഠനത്തിന് പോയിരുന്ന അലൻ ദിവസങ്ങൾക്കുമുന്പാണ് നാട്ടിലെത്തിയത്. മെഡിക്കൽകോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം അലന്റെ മൃതദേഹം വലിയവിളയിലെ മാതൃസഹോദരിയുടെ വീട്ടിൽ പൊതുദർശനത്തിന് വച്ചു. മുട്ടട പെന്തകോസ്ത് ചർച്ചിൽ സംസ്കരിച്ചു.









0 comments