അമൃത് ഫാർമസികൾ ആരംഭിക്കുന്നതിന് വിഎസ്എസ്‍സിയും എച്ച്എൽഎല്ലും ധാരണാപത്രം ഒപ്പുവെച്ചു

vssc mou
വെബ് ഡെസ്ക്

Published on May 07, 2025, 07:20 PM | 1 min read

തിരുവനന്തപുരം: മിതമായ നിരക്കിൽ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ലഭ്യമാക്കുന്ന അമൃത് ഫാർമസികൾ വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ (വിഎസ്എസ്‍സി.) ക്യാംപസുകളിൽ സ്ഥാപിക്കുന്നതിനായി എച്ച് എൽ എൽ ലൈഫ് കെയർ ലിമിറ്റഡും വിഎസ്എസ്‍സിയും തമ്മിൽ ധാരണയിലെത്തി. ഇതുപ്രകാരം, വിഎസ്എസ്‍സിയുടെ വട്ടിയൂർക്കാവ്, വലിയമല, വെളി, ആലുവ ക്യാംപസുകളിൽ അമൃത് ഫാർമസികൾ തുറക്കും. വിഎസ്എസ്‍സി ജീവനക്കാർ, പെൻഷനേഴ്‌സ്, കുടുംബാംഗങ്ങൾ എന്നിങ്ങനെ 38,000ത്തിലധികം ആളുകൾക്ക് അമൃത് ഫാർമസിയുടെ സേവനം ലഭ്യമാകും.


കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ എച്ച് എൽ എൽ ലൈഫ്കെയർ ലിമിറ്റഡിന്റെ സംരംഭമാണ് അമൃത് ഫാർമസികൾ. പൊതുജനങ്ങൾക്ക് താങ്ങാവുന്ന നിരക്കിൽ മരുന്നുകളും അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അമൃത് ഫാർമസികൾ ആരംഭിച്ചത്. ചുരുങ്ങിയ കാലംകൊണ്ട് രാജ്യത്തുടനീളം മരുന്നുകൾ കുറഞ്ഞ നിരക്കിൽ വിതരണം ചെയ്തും കോവിഡ് കാലത്തുൾപ്പടെ സേവനപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചും മെഡിക്കൽ രംഗത്ത് ശ്രദ്ധേയമായ മുന്നേറ്റം നടത്താൻ അമൃത് ഫാർമസികൾക്ക് സാധിച്ചു. രാജ്യമെമ്പാടും 220ൽ കൂടുതൽ അമൃത് ഫാർമസി ഔട്ട്ലെറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. അമൃത് ഫാർമസിയുടെ പത്താം വാർഷികവും എച്ച് എൽ എൽ ലൈഫ്കെയർ ലിമിറ്റഡിന്റെ ഡയമണ്ട് ജൂബിലിയും ആഘോഷിക്കുന്ന ഈ വേളയിൽ ഫാർമസിയുടെ പ്രവർത്തനം വിപുലീകരിക്കുമെന്ന് എച്ച് എൽ എൽ ലൈഫ്കെയർ ലിമിറ്റഡ് അറിയിച്ചു. ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യങ്ങൾ നൽകുന്നതിനായി ഡിജിറ്റൽ സേവനങ്ങളും ഹോം ഡെലിവറി സംവിധാനവും ആരംഭിച്ചിട്ടുണ്ട്.


ചടങ്ങിൽ എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡ് റീജണൽ മാനേജർ (ആർബിഡി- സൗത്ത്) മധു മാധവൻ, എസ് എം (ആർബിഡി) രഞ്ജി സാമുവൽ, വിഎസ്‍എസ്‍സി അസോസിയേറ്റ് ഡയറക്ടർ (പ്രോജക്ടസ്) വിനോദ് കുമാർ എൻ, അസോസിയേറ്റ് ഡയറക്ടർ ഡോ. അഷ്‌റഫ് എ കെ, ചീഫ് കൺട്രോളർ മനോജ് സി, ഡെപ്യൂട്ടി ഡയറക്ടർ (എം എസ് എ) ആനന്ദ് കെ, എസിസി/ ഐഎഫ്എ സീനിയർ ഹെഡ് ബീന പി, പി ആൻഡ് എസ് സീനിയർ ഹെഡ് പ്രസാദ് കെ, പി ആൻഡ് ജിഎ ഹെഡ് ഹരി കെ എൻ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home