വയലാർ വിടവാങ്ങിയിട്ട് ഇന്ന് 50 വർഷം
print edition മറക്കുവതെങ്ങനെ, ഇൗ ഗാനവിപഞ്ചികയെ

വയലാർ രാമവർമ്മ
സുനീഷ് ജോ
Published on Oct 27, 2025, 12:00 AM | 1 min read
തിരുവനന്തപുരം: ആകാശവാണിയിൽനിന്ന് ആ വിയോഗവാർത്ത അറിഞ്ഞ് കേരളം തേങ്ങി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയലാർ രാമവർമ്മ അന്തരിച്ചു. വിവരങ്ങളറിയാൻ എല്ലാവരും റേഡിയോയ്ക്ക് ചുറ്റുംകൂടി. മലയാളത്തിലെ എക്കാലത്തെയും മികച്ച കവിയും പാട്ടെഴുത്തുകാരനുമായിരുന്ന വയലാർ വിടവാങ്ങിയിട്ട് 50 വർഷം.
1975 ഒക്‌ടോബർ 27ന് പുലർച്ചെ നാല് കഴിഞ്ഞപ്പോഴായിരുന്നു അന്ത്യം. നടൻ സത്യന് അല്ലാതെ അതിന് മുന്പും ശേഷവും തലസ്ഥാനം ഇത്തരത്തിൽ ഒരു കലാകാരന് വിട നൽകിയിട്ടില്ല. ഇന്നത്തെ അയ്യൻകാളി ഹാളിലായിരുന്നു (വിജെടി ഹാൾ) പൊതുദർശനങ്ങളിലൊന്ന്. കെഎസ്‌ആർടിസി ബസിൽ വിലാപയാത്രയായാണ് ജന്മനാട്ടിലേക്ക് കൊണ്ടുപോയത്. വഴിനീളെ ആളുകൾ വയലാറിനെ കാണാൻ കാത്തുനിന്നു. മരണവിവരം അറിഞ്ഞ ഉടൻ വയലാറിന്റെ വീട്ടിലേക്ക് പോയതായി അന്ന് ദേശാഭിമാനിയുടെ ആലപ്പുഴ ലേഖകനായിരുന്ന കവി ഏഴാച്ചേരി രാമചന്ദ്രൻ ഓർമിച്ചു. തകഴിക്കുപോലും കിട്ടാതിരുന്ന അന്ത്യാഞ്ജലി വയലാറിന് ലഭിച്ചു. ദിവസങ്ങളോളം പലനാടുകളിൽനിന്ന് ആളുകൾ അദ്ദേഹത്തിന്റെ വീട്ടിലേക്ക് വന്നുകൊണ്ടിരുന്നുവെന്ന് ഏഴാച്ചേരി ഓർമിച്ചു.
1975 ഒക്ടോബര്‍ 22ന് ഗുരുതരമായ കരള്‍ രോഗം ബാധിച്ച് വയലാറിനെ ആദ്യം ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. പ്രമുഖ ഡോക്ടർ പി കെ ആർ വാര്യരായിരുന്നു ചികിത്സിച്ചത്. വയലാറിന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. അച്ഛൻ വലിയ വിഷമം അനുഭവിച്ചിരുന്നുവെന്ന് ഡോക്ടറുടെ മകൾ അനസൂയ (ഷാജി എൻ കരുണിന്റെ ഭാര്യ) ഓർമിച്ചു. "അച്ഛൻ ഒരാളെയും രോഗിയായി കാണാറില്ല. സ്വന്തം മകനോ മകളോ അമ്മയോ അച്ഛനോ സഹോദരനോ എന്നപോൽ ശുശ്രൂഷ നൽകും. വയലാറിന്റെ കാര്യത്തിലും അതുപോലെയായിരുന്നു'–അനസൂയ പറഞ്ഞു.
തലസ്ഥാനത്തെ കലാലോകവുമായി അടുത്ത ബന്ധം വയലാറിനുണ്ടായിരുന്നു. എല്ലാവരോടും സൗമ്യമായി ഇടപെട്ടിരുന്ന കവി അവരുടെയെല്ലാം ഹൃദയം കവർന്നു. 221 ചിത്രങ്ങളിൽ പാട്ടെഴുതിയ വയലാറിന്റെ പകുതിയിൽ അധികം ഗാനങ്ങൾക്കും ഇൗണം നൽകിയത് ദേവരാജനായിരുന്നു. അവയെല്ലാം നിത്യഹരിതഗാനങ്ങളായി. മലയാളവും മലയാളിയും ഉള്ളിടത്തോളം വയലാറിന് മരണമില്ലല്ലോ.









0 comments