പണിമുടക്കിനിടെ സ്കൂളുകളിൽ കയറി അധ്യാപകരുടെ അഴിഞ്ഞാട്ടം; കുട്ടികൾക്കുള്ള ഭക്ഷ്യധാന്യമെടുത്ത് ഭക്ഷണമുണ്ടാക്കി

പ്ലാവൂർ ഗവ. ഹൈസ്കൂളിൽ ഉണ്ടാക്കിയ ഇലയടയും കട്ടൻ ചായയും സമരസമിതി പ്രവർത്തകർ പൊലീസിന് കാട്ടിക്കൊടുക്കുന്നു

പ്ലാവൂർ ഗവ. ഹൈസ്കൂളിൽ ഉണ്ടാക്കിയ ഇലയടയും കട്ടൻ ചായയും സമരസമിതി പ്രവർത്തകർ പൊലീസിന് കാട്ടിക്കൊടുക്കുന്നു

വെബ് ഡെസ്ക്

Published on Jul 10, 2025, 12:48 AM | 1 min read

വർക്കല/കാട്ടാക്കട : വർക്കല ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലും പ്ലാവൂർ ഗവ. ഹൈസ്കൂളിലും കുട്ടികൾക്കുള്ള ഭക്ഷ്യസാധനങ്ങൾ ദുരുപയോഗം ചെയ്‌ത്‌ ഒരുകൂട്ടം അധ്യാപകർ. പണിമുടക്ക്‌ ദിനത്തിൽ ജോലിക്കെന്ന വ്യാജേന എത്തിയാണ്‌ കോൺഗ്രസ്‌– -ബിജെപി അനുകൂല അധ്യാപക സംഘടനയിൽപ്പെട്ടവരുടെ അഴിഞ്ഞാട്ടം.


വർക്കല ഗവ. മോഡൽ ഹയർ സെക്കൻഡറിയിൽ സ്റ്റാഫ് സെക്രട്ടറി ലിയോണിന്റെ നേതൃത്വത്തിൽ ഇരുപതോളം അധ്യാപകർ കപ്പയും മീൻകറിയും വച്ചുവിളമ്പി, പായസവും ഉണ്ടാക്കി. കപ്പയും ചമ്മന്തിയും സുലൈമാനി, സ്പെഷ്യൽ മത്തി വറുത്തത്, നെത്തോലി പീര തുടങ്ങിയ മെനു നോട്ടീസ്‌ ബോർഡിൽ പ്രദർശിപ്പിച്ചു. കുട്ടികളുടെ ഭക്ഷ്യധാന്യമെടുത്ത്‌ ദുരുപയോഗിക്കുന്നതറിഞ്ഞ്‌ പിടിഎ ഭാരവാഹികളും നാട്ടുകാരുമെത്തി. എന്നാൽ, ലിയോണും സംഘവും ഇവരോട്‌ അപമര്യാദയായി പെരുമാറി. സ്‌കൂളിലെ പാചകവാതകം, അടുപ്പ്, മറ്റു ഭക്ഷണ സാധനങ്ങൾ എന്നിവ ദുരുപയോഗിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് വിവിധ സംഘടനകളും രക്ഷിതാക്കളും വർക്കല പൊലീസിൽ പരാതി നൽകി.


ഒരു കുട്ടിപോലും ഹാജരാകാത്ത പ്ലാവൂർ ഗവ. ഹൈസ്കൂളിലും അധ്യാപകരെത്തി കുട്ടികളുടെ ഭക്ഷ്യധാന്യം ദുരുപയോഗിച്ചു. സ്കൂളിന്റെ ഇരു ഗേറ്റുകളും അകത്തുനിന്ന് പൂട്ടിയശേഷമാണ് സംഘം ഇലയടയും കട്ടൻചായയും ഉണ്ടാക്കിയത്. സംഭവമറിഞ്ഞെത്തിയ സമരസമിതി പ്രവർത്തകർ ഗേറ്റിന് മുന്നിൽ കുത്തിയിരുന്നു. തുടർന്ന്‌ പൊലീസിനെയും മാധ്യമങ്ങളെയും വിവരമറിയിച്ചു.


കാട്ടാക്കട എസ്എച്ച്ഒ മൃദുൽ കുമാറിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ സംഘം സ്കൂളിന്റെ അടുക്കളയും സ്റ്റോർ റൂമും പരിശോധിച്ചു. ഇതിനിടെ ഈ അധ്യാപകർക്ക് പിന്തുണയുമായി ഒരു സംഘം ബിജെപി പ്രവർത്തകരെത്തിയത്‌ നേരിയ സംഘർഷത്തിനിടയാക്കി. പൊലീസ്‌ ഉടൻ എല്ലാ ആളുകളെയും ഗേറ്റിന് പുറത്താക്കി. എന്നാൽ, വൈകിട്ടോടെ സംഘടിച്ചെത്തിയ കോൺഗ്രസ് –-ബിജെപി പ്രവർത്തകർ സ്കൂളിനുമുന്നിൽ ഇതേ അധ്യാപകർക്ക് അഭിവാദ്യമേകി പ്രകടനം നടത്തി. വിദ്യാർഥികളുടെ ഭക്ഷ്യസാധനങ്ങൾ ദുരുപയോഗം ചെയ്തവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസിലും നടപടി ആവശ്യപ്പെട്ട് പൊതു വിദ്യാഭ്യാസ വകുപ്പിനും സിപിഐ എം ലോക്കൽ സെക്രട്ടറി വി എസ് പ്രസാദ് കുമാർ പരാതി നൽകി.



deshabhimani section

Related News

View More
0 comments
Sort by

Home