അഭിമാനപൂർവ്വം ജില്ലാ പഞ്ചായത്ത്

ശ്രദ്ധ കെയർഹോമിന് ഭിന്നശേഷി പുരസ്കാരം

  പനയറത്തെ ജില്ലാ പഞ്ചായത്തിന്റ ശ്രദ്ധ കെയർ ഹോം

പനയറത്തെ ജില്ലാ പഞ്ചായത്തിന്റ ശ്രദ്ധ കെയർ ഹോം

avatar
ഗിരീഷ് എസ് വെഞ്ഞാറമൂട്

Published on Nov 09, 2025, 12:00 AM | 1 min read

വെഞ്ഞാറമൂട്

മനസ്സിന്റെ എപ്പോഴോ തെറ്റിയ താളം വീണ്ടെടുത്തിട്ടും ഉറ്റവർക്ക്‌ വേണ്ടാതെ അനാഥരായി ജീവിക്കേണ്ടിവരുന്നവർക്ക്‌ തണലാകുന്ന ശ്രദ്ധ കെയർഹോമിന്‌ സംസ്ഥാന ഭിന്നശേഷി പുരസ്കാരം. സാമൂഹ്യനീതിവകുപ്പ് ഏർപ്പെടുത്തിയ 25,000 രൂപയുടെ പുരസ്കാരമാണ് ജില്ലാപഞ്ചായത്ത് നടപ്പാക്കുന്ന മാതൃകാപദ്ധതിയെ തേടിയെത്തിയിരിക്കുന്നത്‌. വെഞ്ഞാറമൂട് പനയറത്ത് പ്രവർത്തിക്കുന്ന സ്ഥാപനത്തിലൂടെ ജീവിതം തിരിച്ചുപിടിച്ചവർ നിരവധി. പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽനിന്ന്‌ പൂർണമായോ ഭാഗികമായോ രോഗമുക്തി നേടിയിട്ടും ബന്ധുക്കൾ ഏറ്റെടുക്കാത്തവർക്കായി 2010ലാണ് ജില്ലാപഞ്ചായത്ത് കെയർഹോം പദ്ധതി ആരംഭിച്ചത്. കൃഷിയടക്കം വിവിധ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കി അന്തേവാസികളുടെ ശാരീരിക–മാനസിക ആരോഗ്യപുരോഗതി ഉറപ്പാക്കുന്നു. വിദഗ്‌ധോപദേശപ്രകാരം ഇത്തരത്തിൽ നടപ്പാക്കുന്ന പദ്ധതികളിൽ പ്രധാനമാണ്‌ ‘ഹോർട്ടികൾച്ചർ തെറാപ്പി'. കോഴി, താറാവ്, പശു, ആട്, പച്ചക്കറി കൃഷിക്കായി ജില്ലാപഞ്ചായത്തിന് സ്വന്തമായ രണ്ടേക്കർ സ്ഥലം ഒരുക്കി. കുടപ്പനക്കുന്ന് കാർഷിക കർമസേനയുടെ സഹായത്തോടെ സ്ഥലം കൃഷിക്ക് അനുയോജ്യമാക്കി. വെള്ളരി, ചീര, തക്കാളി, പാവൽ, പയർ തുടങ്ങിയ പച്ചക്കറികളാണ്‌ കൃഷി ചെയ്യുന്നത്‌. 39 അന്തേവാസികളിൽ 11 പേർ ജീവിതം തിരിച്ചുപിടിച്ച്‌ സ്വന്തം വീടുകളിലേക്ക്‌ മടങ്ങിയത്‌ ഇ‍ൗ പദ്ധതിയുടെ ഭാഗമായ പ്രവർത്തനങ്ങളിലൂടെയാണ്‌. കഴിഞ്ഞവർഷം ഇവരുടെ ജൈവകൃഷിയിടത്തിൽനിന്ന്‌ വിളവെടുത്തത് നാലരലക്ഷം രൂപയുടെ പച്ചക്കറി. ഇവിടെനിന്ന്‌ നേരിട്ട്‌ പച്ചക്കറി വാങ്ങാൻ പതിവായെത്തുന്നവർ നിരവധി. കൃഷി ഉദ്യോഗസ്ഥൻ ബിനുലാലിനാണ്‌ മേൽനോട്ടച്ചുമതല. ജില്ലാപഞ്ചായത്ത് മേൽനോട്ടത്തിലെ കെയർഹോമിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ ചെയർമാനായുള്ള ഒമ്പതംഗ മോണിറ്ററിങ് കമ്മിറ്റിയാണ്. വനിതകൾക്കായി നിലവിലെ കെയർഹോമിനോട് ചേർന്ന് 86 സെന്റ്‌ ജില്ലാപഞ്ചായത്ത് വാങ്ങിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home