ശതാബ്ദി നിറവിലേക്ക്
മുള്ളറംകോട് ഗവ. എൽപിഎസ്‌

ഒരു കോടി രൂപ ചെലവിൽ നിർമിച്ച കല്ലമ്പലം മുള്ളറംകോട് ജിഎൽപി സ്കൂൾ മന്ദിരം

ഒരു കോടി രൂപ ചെലവിൽ നിർമിച്ച കല്ലമ്പലം മുള്ളറംകോട് ജിഎൽപി സ്കൂൾ മന്ദിരം

വെബ് ഡെസ്ക്

Published on Nov 18, 2025, 01:30 AM | 1 min read

വർക്കല

ശതാബ്ദിയിലേക്ക്‌ അടുക്കുന്പോൾ ഹൈടെക് ശോഭയിലാണ്‌ കല്ലമ്പലം മാവിൻമൂട് മുള്ളറംകോട് ഗവ. എൽപി സ്കൂൾ. ഒറ്റൂർ പഞ്ചായത്ത്‌ നാലാം വാർഡിലെ സ്കൂൾ 96 വർഷമായി നാടിന്‌ അക്ഷരവെളിച്ചം പകരുന്നു. 1928ൽ മുള്ളറംകോട് പട്ടർവിളയിൽ ശങ്കരപ്പിള്ള ആരംഭിച്ച സ്വകാര്യ വിദ്യാലയം ശങ്കരവിലാസം എലമെന്ററി സ്കൂളാണ് ഇന്നത്തെ മുള്ളറംകോട് ഗവ. എൽപിഎസ്‌. ഓല ഷെഡ്ഡിലായിരുന്നു ആദ്യകാല പ്രവർത്തനം. പിന്നീട് ഓടിട്ട കെട്ടിടത്തിലായി. അഞ്ചാം ക്ലാസുവരെയാണ്‌ ഉണ്ടായിരുന്നത്‌. ശങ്കരപ്പിള്ളയുടെ മരണശേഷം 1948ൽ സ്കൂൾ സർക്കാരിന് സറണ്ടർ ചെയ്തതോടെയാണ്‌ ഗവ. എൽപിഎസ്‌ മുള്ളറംകോട് ആയത്‌. വിദ്യാർഥികളിൽ ഏറെയും സാധാരണക്കാരായ തൊഴിലാളികളുടെ മക്കളാണ്. ഒറ്റൂരിന്‌ പുറമേ ചെമ്മരുതി, നാവായിക്കുളം, കരവാരം പഞ്ചായത്തുകളിലുംനിന്നായി 268 കുട്ടികൾ. പ്രീ പ്രൈമറിയിൽ 52 കുട്ടികളുമുണ്ട്. സംസ്ഥാന സർക്കാരിന്റെ നവകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാകിരണം മിഷന്റെ ഫണ്ടിൽനിന്ന് ഒരു കോടി രൂപ ചെലവാക്കി അഞ്ച് ക്ലാസ്‌മുറികളുള്ള പുതിയ മന്ദിരം നിർമിച്ചു. മന്ത്രി വി ശിവൻകുട്ടിയുടെയും ഒ എസ്‌ അംബിക എംഎൽഎയുടെയും പ്രത്യേക താൽപ്പര്യത്തിലാണ് പുതിയ മന്ദിരം യാഥാർഥ്യമായത്. എസ്‌എസ്‌കെ സ്റ്റാർസിന്റെ വർണക്കൂടാരവും ക്ലാസ് ലാബുകളും നടപ്പാക്കി. വർണക്കൂടാരത്തിന് 10 ലക്ഷവും ലാബുകൾക്ക് 50,000 രൂപയും അനുവദിച്ചു. പഠന, പഠനേതര  പ്രവർത്തനങ്ങളിൽ മുന്പിലുള്ള വിദ്യാർഥികൾ എൽഎസ്എസ് പരീക്ഷയിലും മികച്ച വിജയം നേടി. ഈ വർഷത്തെ സബ് ജില്ലാ കലോത്സവത്തിൽ രണ്ടാംസ്ഥാനം. ആറ്റിങ്ങൽ സബ് ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന പ്രൈമറി വിദ്യാലയമാണിത്‌. അധ്യാപകരുടെ കൂട്ടായ്മയും എസ്‌എംസി പിന്തുണയും നാട്ടുകാരുടെ സഹകരണവും സ്കൂളിന്റെ മികച്ച പ്രവർത്തനത്തിന് കരുത്താകുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home