print edition പതിനാറാം ധനകമീഷൻ റിപ്പോർട്ട് സമർപ്പിച്ചു

ന്യൂഡൽഹി
പതിനാറാം ധനകമീഷൻ തിങ്കളാഴ്‌ച രാഷ്ട്രപതി ദ്രൗപദി മുർമുവിന് റിപ്പോർട്ട് കൈമാറി.
കേന്ദ്ര ധനമന്ത്രി റിപ്പോർട്ട് പാർലമെന്റിൽ വയ്‌ക്കുന്നതോടെ ഉള്ളടക്കം പൊതുജനങ്ങൾക്ക് ലഭ്യമാകും. പകർപ്പ് പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും നല്‍കി. ഡിസംബർ ഒന്നിന് ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ റിപ്പോർട്ട് വച്ചേക്കും. 2025 ഏപ്രിൽ ഒന്ന് മുതൽ അഞ്ചുവർഷത്തേക്കുള്ള ശുപാർശകളാണ് ധനകമീഷൻ മുന്നോട്ടുവെയ്‌ക്കുന്നത്. കേന്ദ്രവും സംസ്ഥാനങ്ങളുമായുള്ള നികുതി വരുമാനത്തിന്റെ പങ്കുവെയ്‌ക്കൽ ധനകമീഷൻ ശുപാർശകളുടെ അടിസ്ഥാനത്തിലാണ്. സംസ്ഥാനങ്ങൾക്കുള്ള ഗ്രാന്റും പ്രകൃതിക്ഷോഭവും മറ്റുമുണ്ടാകുമ്പോൾ നൽകേണ്ട ധനസഹായം നിശ്‌ചയിക്കാനുള്ള മാനദണ്ഡവും റിപ്പോർട്ടിലു ണ്ടാകും.
കേരളത്തിന്റെ നികുതിവിഹിതം കൂട്ടണമെന്ന് സംസ്ഥാന സർക്കാർ കമീഷനോട് അഭ്യര്‍ഥിച്ചിരുന്നു. പത്താം ധനകമീഷൻ കാലത്ത് 3.88 ശതമാനമായിരുന്ന കേരളത്തിന്റെ നികുതിവിഹിതം 15–ാം ധനകമീഷനായപ്പോൾ 1.92 ശതമാനമായി വെട്ടിചുരുക്കിയിരുന്നു. തദ്ദേശസ്ഥാപനങ്ങൾക്കും മറ്റും നൽകുന്ന വിഹിതത്തിലും കുറവുണ്ടായി. 12-–ാം ധനകമീഷന്റെ കാലത്ത് 4.54 ശതമാനമായിരുന്ന വിഹിതം പതിനഞ്ചാം കമീഷന്റെ റിപ്പോർട്ടിൽ 2.68 ശതമാനത്തിലേക്ക് കുറഞ്ഞു.
സാമ്പത്തികശാസ്‌ത്ര വിദഗ്‌ധനായ ഡോ. അരവിന്ദ് പനഗരിയ ചെയർമാനായ ധനകമീഷനിൽ ആനി ജോർജ് മാത്യു, ഡോ. മനോജ് പാണ്ഡ, ടി രബിശങ്കർ, ഡോ. സൗമ്യകാന്തി ഘോഷ് എന്നിവർ അംഗങ്ങ ളാണ്.









0 comments