‘ആശങ്ക’ വേണ്ട
തലസ്ഥാനത്ത് ഓടാൻ മെട്രോ

തിരുവനന്തപുരം
തലസ്ഥാനത്തെ ഗതാഗതസംവിധാനം വികസിപ്പിക്കുന്നതിന്റെ ഭാഗമാണ് സർക്കാർ വിഭാവനം ചെയ്യുന്ന മെട്രോ റെയിൽ പദ്ധതി. കേന്ദ്രനയപ്രകാരം നഗര ജനസംഖ്യ 20 ലക്ഷമായിരിക്കണമെന്ന വ്യവസ്ഥയുണ്ടെന്നാണ് ഒരുവിഭാഗം പ്രചരിപ്പിക്കുന്നത്. 2011 ലെ സെൻസസ് അടിസ്ഥാനമാക്കുന്നതാണ് ‘ആശങ്ക’യ്‌ക്ക് കാരണം. എന്നാൽ നഗരത്തിൽ തിരക്കേറുകയാണെന്ന് റെയിൽവേ സ്‌റ്റേഷനുകളിലെയും വിമാനത്താവളത്തിലെയും കണക്കുകൾ പറയുന്നു. സെൻട്രൽ സ്‌റ്റേഷൻ എൻഎസ്‌ജി രണ്ടിലും കൊച്ചുവേളി (നോർത്ത് സ്‌റ്റേഷൻ) എൻഎസ്‌ജി മൂന്ന് വിഭാഗത്തിലുമാണ് റെയിൽവേ ഉൾപ്പെടുത്തിയത്. ഒരുകോടി മുതൽ രണ്ടുകോടിവരെ യാത്രക്കാർ എത്തുന്ന സ്‌റ്റേഷനുകളെയാണ് എൻഎസ്‌ജി രണ്ടിൽപ്പെടുത്തുന്നത്. അന്പതുലക്ഷം മുതൽ ഒരുകോടി യാത്രക്കാർ എത്തുന്ന സ്‌റ്റേഷനെ മൂന്നിലും. തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലൂടെ 2024 –25 ൽ യാത്ര ചെയ്‌തത് 49 ലക്ഷം യാത്രക്കാരാണ് (അതിൽ പകുതിയും രാജ്യത്തെ പല നഗരങ്ങളിലേക്കായിരുന്നു). 2023 ൽ 41.48 ലക്ഷം യാത്രക്കാരും 2022 ൽ 31.11 ലക്ഷം യാത്രക്കാരുമായിരുന്നു. ഓരോ വർഷം ശരാശരി അഞ്ചുലക്ഷം യാത്രക്കാർ പുതുതായി വിമാനയാത്രയ്‌ക്കായി നഗരത്തിൽ എത്തുന്നു. 8708 കോടിയുടെ വിമാനത്താവള വികസന മാസ്‌റ്റർപ്ലാനും പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചുമുതൽ പത്തുവർഷത്തിനകത്ത് വികസനപ്രവർത്തനം പൂർത്തീകരിക്കുമെന്നാണ് വിമാനത്താവളം ഏറ്റെടുത്ത അദാനി കന്പനി അധികൃതർ പറയുന്നത്. വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന് ഇമിഗ്രേഷൻ ചെക്ക് പോസ്‌റ്റ് ( ഐസിപി) പദവി ലഭിച്ചതോടെ ക്രൂചെയിഞ്ചിനുള്ള സാധ്യതയേറി. അന്താരാഷ്‌ട്ര കപ്പൽച്ചാലിന് അടുത്തായതിനാൽ നിരവധി കപ്പലുകൾ ഇവിടെ എത്തും. വിമാനത്താവളം അടുത്തായതിനാൽ വേഗത്തിൽ രാജ്യത്തിന്റെ മറ്റ് സ്ഥലങ്ങളിലേക്ക് ജീവനക്കാർക്ക് പോകാനാകും. നഗരത്തിൽനിന്നും പരിസരപ്രദേശങ്ങളിൽനിന്നും മെഡിക്കൽ കോളേജ്, ടെക്‌നോപാർക്ക് എന്നിവിടങ്ങളിലേക്ക് പോകാനും യാത്രക്കാരുണ്ടാകും. ദിവസം ശരാശരി രണ്ടുലക്ഷത്തിനടുത്ത് യാത്രക്കാരെയാണ് മെട്രോ പ്രതീക്ഷിക്കുന്നത്. ആഗ്ര, പാറ്റ്‌ന, ഇൻഡോർ തുടങ്ങിയ നഗരങ്ങളിൽ 20 ലക്ഷം ജനങ്ങൾ ഉണ്ടായിരിക്കണമെന്ന് കേന്ദ്രസർക്കാർ നിഷ്‌കർഷിച്ചിട്ടുമില്ല. ഡൽഹി മെട്രോ റെയിൽ കോർപറേഷൻ ഡിപിആർ (വിശദ പദ്ധതി രേഖ) തയ്യാറാക്കി ഡിസംബറിൽ കൊച്ചി മെട്രോയ്‌ക്ക് കൈമാറും. തുടർന്ന് ഉടൻ ഇത് സംസ്ഥാന സർക്കാരിന് സമർപ്പിക്കും.
തമിഴ്‌നാട് കത്തയച്ചു
കോയന്പത്തൂർ, മധുര നഗരങ്ങളിൽ മെട്രോ പദ്ധതിക്കായി സമർപ്പിച്ച ഡിപിആർ കേന്ദ്രസർക്കാർ പരിഗണിക്കാത്തതിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. 2011 ലെ സെൻസസ് അടിസ്ഥാനമാക്കരുതെന്നും നിലവിലെ ജനസംഖ്യ ഇരുനഗരങ്ങളിലും 20 ലക്ഷത്തിൽ അധികമാണെന്നും മെട്രോ പദ്ധതി അനുവദിച്ച ആഗ്ര, ഇൻഡോർ, പാറ്റ്‌ന എന്നിവിടങ്ങളിൽ ഇൗ മാനദണ്ഡം ബാധകമാക്കിയിരുന്നില്ലെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.






![ylno2;]yyH](https://images-prd.deshabhimani.com/kumily-1763917912868-eeec18a0-fce3-4fcc-935a-6ceb5ec5509c-360x209.webp)


0 comments