പീരുമേട്ടിൽ എസ്റ്റേറ്റ് ലയത്തിൽ തീപിടിത്തം: ലക്ഷങ്ങളുടെ നഷ്ടം
![ylno2;]yyH](https://images-prd.deshabhimani.com/kumily-1763917913040-3cb621e0-cdde-43dd-885b-df5ab5eab2c0-900x522.webp)
റാണികോവില്‍ എസ്റ്റേറ്റ് ലയത്തിലുണ്ടായ തീപിടുത്തം

സ്വന്തം ലേഖകൻ
Published on Nov 24, 2025, 12:00 AM | 1 min read
പീരുമേട്
പീരുമേട്ടിൽ എസ്റ്റേറ്റ് തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം. റാണികോവില്‍ എസ്റ്റേറ്റ് ലയത്തിലാണ് ഞായർ പകൽ 11ന് തീപിടിത്തമുണ്ടായത്. ഗണേശനും കുടുംബവും താമസിച്ച ലയത്തിലാണ് തീ പടർന്നത്. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസികളാണ് സംഭവം പീരുമേട് അഗ്നിരക്ഷാസേനയെ അറിയിക്കുന്നത്. തീപിടിത്തത്തിൽ വീട്ടിലുണ്ടായിരുന്ന പാചകവാതക സിലണ്ടർ പൊട്ടിത്തെറിച്ചത് അപകടത്തിന്റെ രൂക്ഷത വർധിപ്പിച്ചു. ഇതിനെ തുടർന്ന് വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു. വീട്ടിൽ ഉണ്ടായിരുന്ന ഫർണീച്ചർ, ഗൃഹോപകരണങ്ങൾ, വീട്ടിൽ സൂക്ഷിച്ചിരുന്ന 12 പവൻ സ്വർണവും 25,000 രൂപയും കത്തിനശിച്ചതായി ഗണേശൻ പറഞ്ഞു.
ഷോർട്ട് സർക്യൂട്ട് ആണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. തൊട്ടടുത്ത വീടുകളുടെ മേൽ കൂരയ്ക്കും തീ പടർന്നു. സമീപത്തെ വീടുകളിലെ ഫർണീച്ചർ ഉൾപ്പെടെയുള്ള സാധനങ്ങൾ നാട്ടുകാരും അഗ്നിരക്ഷാസേന എത്തി മാറ്റി. ഗണേശനും ഭാര്യയും മക്കളുമുൾപ്പെട്ട ആറംഗങ്ങളാണ് വീട്ടിൽ താമസിച്ചിരുന്നത്. സംഭവ സമയത്ത് ഗണേശനും കുടുംബവും ധർമാവലിയിൽ ഒരു ചടങ്ങിൽ ആയിരുന്നു. പീരുമേട് അഗ്നിശമന നിലയത്തിലെ ഓഫീസർ ബിനുകുമാർ, സീനിയർ ആൻഡ് റസ്ക്യു ഓഫീസർ സുജിത് കുമാർ, അഗ്നിരക്ഷാ ഓഫീസർമാരായ എസ് സുമേഷ്, അരുൺ സിങ്, എ ജി മനു, പ്രവീൺകുമാർ, നിഖിൽ ജോസഫ്, സുനിൽ കുമാർ എന്നിവരുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് തീ അണച്ചത്.









0 comments