പാതിരാമണൽ ദ്വീപിൽ സൗരോർജ വിളക്കായി...

പാതിരാമണൽ ദ്വീപിന്റെ പ്രവേശനകവാടത്തിൽ സൗരോർജ വിളക്ക് തെളിഞ്ഞപ്പോൾ
മുഹമ്മ
വിനോദസഞ്ചാരികളുടെ ഇഷ്‌ടയിടമായ പാതിരാമണൽ ദ്വീപിൽ സൗരോർജ വൈദ്യുതി വിളക്കുകൾ തെളിഞ്ഞു. ഇനി സഞ്ചാരികൾക്ക് രാത്രിയും ദ്വീപിന്റെ മനോഹാരിത ആസ്വദിക്കാം. രാത്രിയും സുരക്ഷാസംവിധാനങ്ങൾ ഉള്ളതിനാൽ നിർഭയം കുടുംബസമേതം ഇവിടേയ്‌ക്ക് വരാം. പാതിരാമണലിന്റെ വികസനത്തിന് മുൻകൈയെടുക്കുന്ന മുഹമ്മ പഞ്ചായത്ത് അഞ്ചുലക്ഷം രൂപ വിനിയോഗിച്ചാണ് സൗരോർജ വൈദ്യുതിനിലയം സ്ഥാപിച്ചത്. അഞ്ച് കിലോ വാട്ടിന്റെ സൗരോർജ വൈദ്യുതി നിലയത്തിൽനിന്നാണ് ദ്വീപിലെ വൈദ്യുതിവിളക്കുകൾ തെളിക്കാനാവശ്യമായ വൈദ്യുതി ലഭിക്കുക. അനെർട്ടാണ് പദ്ധതി നിർവഹണം. പാതിരാമണൽ ജെട്ടി, പ്രവേശനകവാടം, നടപ്പാതയുടെ തുടക്കം, സെക്യൂരിറ്റി ക്യാബിൻ, ശുചിമുറി എന്നിവിടങ്ങളിലാണ് ഇപ്പോൾ വൈദ്യുതി വിളക്കുകൾ സ്ഥാപിച്ചിട്ടുള്ളത്. പ്രവേശനകവാടത്തിന് സമീപം മൊബൈൽ ഫോൺ ചാർജ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. കുഴൽക്കിണറിൽനിന്ന് വെള്ളം പമ്പ് ചെയ്യാനും സാധിക്കും. മുഹമ്മ പഞ്ചായത്താണ് പാതിരാമണൽ ദീപ് പരിപാലിക്കുന്നത്. ഇപ്പോൾ രാത്രിയും പകലും കാവൽക്കാരുണ്ട്. 50 രൂപയാണ് സന്ദർശന ഫീസ്. കുടുംബശ്രീ നടത്തുന്ന ലഘുഭക്ഷണശാലകളുമുണ്ട്. എ എം ആരിഫിന്റെ എംപി ഫണ്ട് വിനിയോഗിച്ച് നിർമിച്ച കുട്ടികളുടെ പാർക്ക് ഏറെ ആകർഷകമാണ്. ആംഫി തിയറ്ററിന്റെ പണികൾ നടക്കുന്നു. പാതിരാമണലിൽ സഞ്ചാരികൾ ഏറി ആലപ്പുഴയിലും കുമരകത്തും എത്തുന്ന വിനോദസഞ്ചാരികളിൽ ഏറെ പേരും ഇപ്പോൾ പാതിരാമണലിലും എത്തുന്നുണ്ട്. കഴിഞ്ഞവർഷം 35,000 ത്തിലേറെ വിനോദസഞ്ചാരികൾ ദ്വീപിലെത്തി. ഇതുവഴി പഞ്ചായത്തിന്റെ വരുമാനം വർധിപ്പിക്കാനുമായി. മുഹമ്മ ബോട്ട് ജെട്ടിയിൽനിന്ന് പാതിരാമണലിലേക്ക് പോകാൻ സംസ്ഥാന ജലഗതാഗതവകുപ്പിന്റെ വാട്ടർ ടാക്‌സി ലഭ്യമാണ്. ദ്വീപിൽ പോയി തിരിച്ച് വരുന്നതിന് 1000 രൂപയാണ് ചാർജ്. 10 പേരുണ്ടെങ്കിൽ ഒരാൾക്ക് 100 രൂപയേ ആകൂ. കൂടാതെ, കായിപ്പുറം ജെട്ടിയിൽനിന്ന് എപ്പോഴും സ്വകാര്യ ബോട്ടുകളും സ്‌പീഡ് ബോട്ടുകളും ലഭിക്കും. ആലപ്പുഴയിൽനിന്ന് സംസ്ഥാന ജലഗതാഗത വകുപ്പിന്റെ വേഗ, സീ കുട്ടനാട് ബോട്ടുകളും പാതിരാമണലിൽ എത്താറുണ്ട്. ആംഫി തിയറ്റർ നിർമാണം പൂർത്തിയാകുന്നതോടെ ആഭ്യന്തര വിനോദസഞ്ചാരികൾ ഉൾപ്പെടെ ദ്വീപിൽ എത്തുന്നവരുടെ എണ്ണം ഇരട്ടിയാകും. ഇതിലൂടെ പഞ്ചായത്തിന്റെ വരുമാനം വർധിക്കും. കൂടാതെ ദ്വീപിന്റെ പടിഞ്ഞാറെകരയുടെ മുഖഛായ മാറുകയുംചെയ്യും.









0 comments