വോട്ടില്ലെങ്കിലും "പൊട്ടി'ല്ല ഇൗ ബാലറ്റുപെട്ടി

ഹക്കിം മാളിയേക്കലിന്റെ പുരാവസ്തു ശേഖരത്തിലെ ബാലറ്റ് പെട്ടി
ജി ഹരികുമാർ
Published on Nov 24, 2025, 12:18 AM | 2 min read
കായംകുളം
പെട്ടി പെട്ടി ശൃംഗാര പെട്ടി... പെട്ടി പൊട്ടിച്ചപ്പോൾ ...പൊട്ടി...പഴയകാല തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ മുഴങ്ങിയ ഈ മുദ്രാവാക്യത്തിലെ താരമായിരുന്നു ബാലറ്റ് പെട്ടി. ഇലക്‌ട്രോണിക് യന്ത്രത്തിൽ വോട്ടുചെയ്യുന്ന പുതുതലമുറയ്‌ക്ക് അന്യമായ ഇൗ വോട്ടുപെട്ടി കാണണോ. വരൂ, കായംകുളം ചിറക്കടവം സ്വദേശി ഹക്കീം മാളിയേക്കലിന്റെ പുരാവസ്‌തു ശേഖരം കാണൂ. ലിംക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടംനേടിയ ഹക്കീമിന്റെ ശേഖരത്തിൽ 1951ലെ ബാലറ്റ് പെട്ടിയാണ് ഇടംപിടിച്ചിരിക്കുന്നത്. ചരിത്രപ്രാധാന്യമുള്ള അത്യപൂർവ ബാലറ്റ് പെട്ടിയാണിത്. 1951 ഒക്ടോബർ 25നും 1952 ഫെബ്രുവരി 21 നും ഇടയിലായിരുന്നു രാജ്യത്തെ ആദ്യ പൊതുതെരഞ്ഞെടുപ്പ്. കേരളപ്പിറവിക്കും മുന്പ്. ഇതിനായി തയ്യാറാക്കിയ 12 ലക്ഷത്തോളം ഇരുമ്പ് ബാലറ്റ് പെട്ടികളിൽ ഉൾപ്പെട്ട രണ്ടെണ്ണമാണ് ഹക്കീമിന്റെ പക്കലുള്ളത്. അന്നത്തെ ഹൈദരാബാദ് സ്‌റ്റേറ്റ് സർക്കാരിന്റെ ആൽവിൻ കമ്പനിയാണ് പെട്ടി നിർമിച്ചത്. പെട്ടിയുടെ മുകൾ ഭാഗത്ത് കമ്പനിയുടെ പേരും 1951 എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ബാലറ്റ് പേപ്പറിൽ വോട്ട് രേഖപ്പെടുത്താൻ ഉപയോഗിച്ചിരുന്ന പ്രത്യേക വോട്ടിങ് സ്‌റ്റാമ്പും ഇതിനൊപ്പമുണ്ട്. ഏഴ് പതിറ്റാണ്ട് പല കൈകളിലൂടെ സഞ്ചരിച്ചിട്ടും പെട്ടിക്ക് തേയ്‌മാനമൊന്നും സംഭവിച്ചില്ലെന്നത് ഗുണമേന്മയുടെ അടയാളമാണ്. പേപ്പർ ബാലറ്റിൽ വോട്ട് രേഖപ്പെടുത്തി പെട്ടിയിലിടുന്ന തെരഞ്ഞെടുപ്പ് രീതി പരിചിതമല്ലാത്ത ന്യൂജെന്‍ തലമുറയ്‌ക്ക് തീർച്ചയായും കൗതുക കാഴ്‌ചയാകുമിത്. വോട്ടിങ് രീതി മാറിയെങ്കിലും ബാലറ്റ് പെട്ടിയെ അടിസ്ഥാനമാക്കി രൂപം കൊണ്ട മുദ്രവാക്യങ്ങളും പാട്ടും "പൊട്ടി'യില്ല; ഇന്നും പ്രസക്തിയുണ്ടതിന്. ‘കുരുവിപ്പെട്ടി നമ്മുടെ പെട്ടി കടുവാ പെട്ടിക്കോട്ടില്ല..’ സ്ഥാനാർഥി സാറാമ്മ എന്ന ചിത്രത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണവേദിയിൽ അടൂർ ഭാസി പാടി അഭിനയിക്കുന്ന രംഗം മറക്കാനാകില്ല. ‘തോട്ടുംകരയില്‍ വിമാനമിറങ്ങാന്‍ താവളമുണ്ടാക്കും കൃഷിക്കാര്‍ക്ക് കൃഷി ഭൂമി..പണക്കാര്‍ക്ക് മരുഭൂമി..’ അതിൽ വയലാറിന്റെ വരികളും മലയാളിക്കിന്നും മനപാഠം.
കാണാം ഓട്ടക്കാലണയും തിരക്കാശും
അത്യപൂർവമായ രണ്ടായിരത്തിലധികം വസ്‌തുക്കളും ഹക്കീമിന്റെ ശേഖരത്തിലുണ്ട്. കനിഷ്‌ക, തക്ഷശില കാലത്തെയും ആധുനിക കാലത്തെയുമടക്കം നാണയങ്ങൾ, ഓട്ടക്കാലണ, തിരക്കാശ് തുടങ്ങിയവയും ഇൗ അമൂല്യ സമ്പത്തിലുണ്ട്. കാറൽ മാർക്‌സ്, ഏംഗൽസ്, ലെനിൻ, കൊളംബസ്, മാവോ സേതൂങ്, ലൂയി പാസ്‌റ്റർ, ഐസക് ന്യൂട്ടൺ, എബ്രഹാം ലിങ്കൺ തുടങ്ങിയവരുടെ ചിത്രങ്ങളുള്ള വിവിധ കാലഘട്ടങ്ങളിലെ നോട്ടുകളും എലിസബത്ത് രാജ്ഞിയുടെ ചിത്രം പതിച്ച 51 രാജ്യത്തിലെ കറൻസികളും കാണാനാകും. നാണയപ്പെരുപ്പത്തിന്റെ കാലത്ത് യൂഗോസ്ലോവിയൻ സർക്കാർ പുറത്തിറക്കിയ 50,000 കോടിയുടെ നോട്ടുമുണ്ട്.









0 comments