സർവർ തകരാർ
ആപ്പിലായി ബിഎല്‍ഒമാർ

ആലപ്പുഴ
വോട്ടർപ്പട്ടിക തീവ്ര പുന:പരിശോധനയ്‌ക്കായി (എസ്ഐആർ) അമിത ജോലിഭാരത്തിൽ വലയുന്ന ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ കൂടുതൽ ദുരിതത്തിലാക്കി ബിഎല്‍ഒ ആപ്പ്. സർവർ തകരാർ മൂലം എന്യൂമറേഷൻ ഫോമിലെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാനാകുന്നില്ലെന്നാണ് പരാതി. കൂടുതൽ സമയമെടുത്താണേലും വിവരങ്ങള്‍ ചേര്‍ക്കാന്‍ സാധിച്ചിരുന്നു. എന്നാലിപ്പോൾ ആപ്പ് പ്രവർത്തനരഹിതമാണ്. ഡിസംബർ മൂന്നിന് രാത്രി 12ന് മുമ്പ് ബൂത്തിലെ മുഴുവൻ വോട്ടർമാരുടെയും വിവരങ്ങൾ അപ്‌ലോഡ് ചെയ്യണമെന്നാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശം. അതിനാൽ അര്‍ധരാത്രിയും പുലര്‍ച്ചെയുമാണ് പലരും ആപ്പില്‍ വിവരങ്ങള്‍ ചേര്‍ക്കുന്നത്. ചിലപ്പോൾ ഇൗ സമയത്തും ആപ്പ് പ്രവര്‍ത്തനരഹിതമാകും. ഇക്കാര്യം മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും ഫലമില്ലെന്ന് ബിഎല്‍ഒമാര്‍ പറയുന്നു. 2002ലെ വോട്ടർപ്പട്ടികയിൽ ഉൾപ്പെട്ട കുടുംബത്തിലെ ഏതെങ്കിലും അംഗത്തിന്റെ വിവരങ്ങൾ മാപ് ചെയ്‌താണ് മറ്റ് വോട്ടുകൾ ചേർക്കുന്നത്. തെറ്റായി മാപ് ചെയ്‌താൽ ഇത് നീക്കാനും സാധിക്കുന്നില്ല. ഭാര്യയെയും ഭർത്താവിനെയും പരസ്‌പരവും, മറ്റുള്ളവരെ രക്തബന്ധമുള്ളവരുടെ വിവരങ്ങൾ ഉപയോഗിച്ചും മാപ് ചെയ്യാമെന്നായിരുന്നു ആദ്യ നിർദേശം. എന്നാൽ അച്ഛൻ, അമ്മ, അപ്പൂപ്പൻ, അമ്മൂമ്മ എന്നിവരുടെ വിവരങ്ങൾ ഉപയോഗിച്ചേ മാപ്പിങ് സാധിക്കൂ എന്നതും ഗുരുതര പ്രതിസന്ധിയായി. ആപ്പ് മൊബൈലില്‍നിന്നേ പ്രവര്‍ത്തിപ്പിക്കാനാകൂ എന്നതും വെല്ലുവിളിയാണ്. റെയ്‌ഞ്ച് പ്രശ്‌നങ്ങളും ജോലിയെ ബാധിക്കും. ദിവസവും ആപ്പ് അപ്ഡേറ്റ് ചെയ്യണം. കൃത്യമായ സാങ്കേതിക പരിശീലനം നൽകിയിട്ടില്ല. വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളിലൂടെ വീഡിയോ അയച്ചുനൽകിയാണ് പുത്തൻ പരിഷ്‌കാരങ്ങൾക്ക് ക്ലാസ് നൽകുന്നത്. സംശയങ്ങൾ പരിഹരിക്കാൻ മണ്ഡലത്തിൽ ഒരു ടെക്‌നിക്കൽ അസിസ്‌റ്റന്റിനെ മാത്രമാണ് നിയമിച്ചത്. 2002ലെ പട്ടിക പൂർണമല്ലാത്തതും കടുത്ത പ്രതിസന്ധിയാണ്.








0 comments