ചിട്ടയോടെ എൽഡിഎഫ്‌; 
ചുവടുതെറ്റി യുഡിഎഫും എൻഡിഎയും

Election
വെബ് ഡെസ്ക്

Published on Nov 24, 2025, 12:11 AM | 2 min read

ആലപ്പുഴ

ഒറ്റക്കെട്ടായി സ്ഥാനാർഥിനിർണയവും പ്രഖ്യാപനവും നടത്തി പ്രചാരണത്തിൽ ആദ്യഘട്ടംതന്നെ മുന്നേറി എൽഡിഎഫ്‌. പത്രികകൾ പിൻവലിക്കുന്ന അവസാന ദിവസവും തുടരുന്ന വിമതശല്യത്തിലും തമ്മിലടിയിലും യുഡിഎഫ്‌ കിതയ്‌ക്കുന്നു. എൽഡിഎഫിന്റെ നഗരസഭാ കൺവൻഷനുകൾ വൻ ജനകീയപങ്കാളിത്തത്തോടെ പൂർത്തിയായി. പഞ്ചായത്ത്‌ കൺവൻഷനുകൾ ഗ്രാമോത്സവങ്ങളായി മാറുകയാണ്‌. യുഡിഎഫ്‌, എൻഡിഎ കക്ഷികൾ വിട്ട്‌ പ്രമുഖരടക്കം ഇടതുപക്ഷത്തേക്ക്‌ വരുന്നു. കരുത്തുറ്റ ജനകീയ സ്ഥാനാർഥികളെ തർക്കമില്ലാതെ മത്സരത്തിനിറക്കാനും ചിട്ടയോടെ പ്രചാരണം നയിക്കാനും എൽഡിഎഫിനായി. പറഞ്ഞ ദിവസം തന്നെ മുഴുവൻ ജില്ലാ പഞ്ചായത്ത്‌, നഗരസഭ, ബ്ലോക്ക്‌, പഞ്ചായത്ത്‌ സ്ഥനാർഥികളെയും പ്രഖ്യാപിക്കാൻ എൽഡിഎഫിന്‌ കഴിഞ്ഞപ്പോൾ പത്രിക സമർപ്പണത്തിന്‌ അനുവദിച്ച അവസാനദിവസം അവസാന മണിക്കൂറിലാണ്‌ ജില്ലാ പഞ്ചായത്ത്‌ സ്ഥാനാർഥികളെ പോലും കോൺഗ്രസിനും യുഡിഎഫിനും പ്രഖ്യാപിക്കാനായത്‌. പാർടികളിലെ ആഭ്യന്തരതർക്കവും മുന്നണികക്ഷികൾ തമ്മിലുണ്ടായ തർക്കവും യഥാവിധം പരിഹരിക്കാൻ യുഡിഎഫിനായില്ല. യൂത്ത്‌ കോൺഗ്രസ്‌, കെഎസ്‌യു ജില്ലാ പ്രസിഡന്റുമാർക്ക്‌ സീറ്റ്‌ വാഗ്‌ദാനം ചെയ്‌ത്‌ പ്രചാരണത്തിനിറക്കിയശേഷം അവസാനനിമിഷം വെട്ടിയത്‌ കോൺഗ്രസിലെ യുവാക്കളെ ചൊടിപ്പിച്ചിരിക്കുകയാണ്‌. സൈബർ ഇടങ്ങളിലടക്കം ഇതിന്റെ പ്രതിഷേധം കത്തുന്നുണ്ട്‌. ജില്ലാ പഞ്ചായത്തടക്കം നാലിടത്ത്‌ കോൺഗ്രസും മുസ്ലിം ലീഗും പരസ്‌പരം എതിർത്ത്‌ സ്ഥാനാർഥികളെ നിർത്തിയത്‌ മുന്നണിക്ക്‌ ഉണങ്ങാത്ത മുറവായി. ബിഡിജെഎസുമായി തെക്കൻ സംഘടന ജില്ലയിലുണ്ടായ രൂക്ഷമായ തർക്കം ബിജെപി ഉന്നതനേതൃത്വത്തിനും പൂർണമായി പരിഹരിക്കാനാകാത്തത്‌ എൻഡിഎയ്‌ക്ക്‌ തലവേദനയായി. കോൺഗ്രസിനെ സഹായിക്കാൻ പ്രധാന മണ്ഡലങ്ങളിൽ പോലും സ്ഥനാർഥികളെ നിർത്താത്ത ബിജപിയുടെ നിലപാടിൽ അണികൾക്കും അമർഷമുണ്ട്‌.


വിമതരെ മെരുക്കാനാകാതെ യുഡിഎഫ്‌

ആലപ്പുഴ

അമ്പലപ്പുഴ ജില്ലാ പഞ്ചായത്ത്‌ അന്പലപ്പുഴ ഡിവിഷനിൽ കോൺഗ്രസിനെതിരെ പത്രിക നൽകിയ മുസ്ലിം ലീഗ്‌ സ്ഥാനാർഥിയെ പിൻവലിപ്പിക്കാൻ രാത്രി വൈകിയും ചർച്ച തുടർന്നെങ്കിലും ധാരണയിലെത്താനായില്ല. ഇരുപാർടികളുടെയും സംസ്ഥാന നേതൃത്വത്തെ ഇടപെടുവിച്ചും പ്രശ്‌നപരിഹാരത്തിന്‌ കോൺഗ്രസ്‌ ജില്ലാ നേതൃത്വം ശ്രമിച്ചു. തീരുമാനമായ ശേഷം പ്രചാരണം ആരംഭിച്ചാൽ മതിയെന്നാണ്‌ ലീഗ്‌ സ്ഥാനാർഥിയ്‌ക്ക്‌ ലഭിച്ച നിർദേശം. എൽഡിഎഫിന്റെ ഉറച്ച സീറ്റാണ്‌ അന്പലപ്പുഴ. യൂത്ത്‌ കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ എം പി പ്രവീണും കണ്ണുവച്ച സീറ്റിൽ കെ സി വേണുഗോപാൽ വിഭാഗം നേതാവായ എ ആർ കണ്ണന്‌ മത്സരം തീർത്തും അഗ്‌നിപരീക്ഷയാകും. തെരഞ്ഞെടുപ്പ്‌ പ്രവർത്തനങ്ങളോട്‌ സഹകരിക്കേണ്ടെന്നാണ്‌ യൂത്ത്‌ കോൺഗ്രസ്‌ ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. വിമതരെ അനുനയിപ്പിക്കാനുമായിട്ടില്ല. മാവേലിക്കര നഗരസഭയിൽ യുഡിഎഫിനും ബിജെപിക്കും നാല് വാർഡുകളിൽ വീതമാണ് വിമതർ. മുഴുവൻ എൽഡിഎഫ്‌ സ്ഥാനാർഥികളും സ്‌ക്വാഡുകളായി വീട്‌ കയറാൻ തുടങ്ങിയിട്ടും തർക്കം പരിഹരിക്കാനാകാത്തത്‌ യുഡിഎഫ്‌ ക്യാന്പിനെ നിരാശയിലാഴ്‌ത്തി.



deshabhimani section

Related News

View More
0 comments
Sort by

Home