വോട്ടുതേടുന്നു വിയർപ്പുതുന്നിയ ‘ഉല്ലാസ’ങ്ങൾ

കെ എസ് ലാലിച്ചൻ
Published on Nov 24, 2025, 12:16 AM | 1 min read
മണ്ണഞ്ചേരി
കെട്ടിടനിർമാണ തൊഴിലാളിയും ചുമട്ടുതൊഴിലാളിയും എൽഡിഎഫ് സ്ഥാനാർഥികളായി മണ്ണഞ്ചേരി പഞ്ചായത്തിലേക്ക് മത്സരിക്കുന്നു. രണ്ട് പതിറ്റാണ്ടായി കെട്ടിടനിർമാണ മേഖലയിൽ പണിയെടുക്കുന്ന വി കെ ഉല്ലാസ് ഒന്നാം വാർഡിലും കാൽനൂറ്റാണ്ടായി ചുമട്ടുതൊഴിലെടുക്കുന്ന കെ പി ഉല്ലാസ് 13–ാം വാർഡിലും ചുറ്റിക അരിവാൾ നക്ഷത്രത്തിലാണ് ജനവിധി തേടുന്നത്. ഇതോടെ മണ്ണഞ്ചേരിയിലാകെ വോട്ടുല്ലാസമായി വി കെ ഉല്ലാസിന്റെ ആദ്യ മത്സരമാണിത്. എസ്എൽ പുരം സ്‌കൂളിൽനിന്ന് എസ്എസ്എൽസി വിജയിച്ചശേഷം കയർതൊഴിലാളിയായി. പിന്നീട് കെട്ടിട നിർമാണമേഖലയിലായി. നെടിയാണി പൗരസമിതി വായനശാലയുടെ സെക്രട്ടറിയായും വളവനാട് ജ്ഞാനോദയം എൽപി സ്‌കൂൾ പിടിഎ പ്രസിഡന്റായും പ്രവർത്തിച്ചു. കയർസമരത്തിൽ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിചേർക്കപ്പെട്ടു. ജയിൽവാസവും അനുഭവിച്ചു. സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. 2006 മുതൽ മണ്ണഞ്ചേരി ലോക്കൽ കമ്മിറ്റിയംഗവും 2015 മുതൽ ലോക്കൽ സെക്രട്ടറിയുമായി. വളവനാട് വരകാടി വീട്ടിൽ പരേതരായ കരുണാകരന്റെയും തങ്കമ്മയുടെയും മകനാണ്. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനായിരുന്ന കെ പി ഉല്ലാസ് കഴിഞ്ഞ അഞ്ചുവർഷം ശ്രദ്ധേയമായ പദ്ധതികൾ ആവിഷ്‌കരിച്ചുനടപ്പാക്കിയതിന്റെ അനുഭവസമ്പത്തുമായാണ് വീണ്ടും മത്സരിക്കുന്നത്. റോഡുമുക്ക് യൂണിറ്റിലെ ചുമട്ടുതൊഴിലാളിയാണ്. ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ ഏരിയ സെക്രട്ടറി, ജില്ലാ ജോയിന്റ് സെക്രട്ടറി, സിഐടിയു ജില്ലാ കമ്മിറ്റി അംഗം, സിപിഐ എം ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്ന പരേതനായ പി കെ പ്രഭാകരന്റെ മകനാണ് കെ പി ഉല്ലാസ്.









0 comments