തെങ്ങ് റോഡിലേക്ക് വീണ് 2 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

കെഎസ്ആര്‍ടിസി സ്റ്റാന്റിന് സമീപം കനാല്‍ബണ്ട് റോഡില്‍ തെങ്ങിനടിയില്‍പെട്ട സൈക്കിള്‍
ചാലക്കുടി
സ്വകാര്യ പറമ്പിലെ ജീര്‍ണിച്ച തെങ്ങ് റോഡിലേക്ക് വീണ് രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് പിന്നില്‍ സോളമന്‍ അവന്യൂവില്‍ അന്ന (11), മംഗലത്ത് ഐറിന്‍ (14) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സമീപത്തെ കനാല്‍ ബണ്ട് റോഡിലൂടെ സൈക്കിളില്‍ പോകുന്നതിനിടെയാണ് തെങ്ങ് മറിഞ്ഞ് വീണത്. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. തെങ്ങിനടിയില്‍പ്പെട്ട സൈക്കിള്‍ പൂര്‍ണമായി തകര്‍ന്നു. തെങ്ങ് വീണതിനെത്തുടര്‍ന്ന് വൈദ്യുതി കമ്പികള്‍ പൊട്ടിവീണു. വലിയ ശബ്ദം കേട്ടെത്തിയ പരിസരവാസികളാണ് വിദ്യാര്‍ഥികളെ ആശുപത്രിയിലെത്തിച്ചത്. ഞായര്‍ വൈകിട്ട് 5.30ഓടെയായിരുന്നു സംഭവം. അപകടാവസ്ഥയിലായ തെങ്ങ് മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നിരവധി തവണ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന ആരോപണമുണ്ട്. ഈ റോഡില്‍ കെഎസ്ആര്‍ടിസിയുടെ മതിലും നിലംപൊത്താവുന്ന അവസ്ഥയിലാണ്. ഇത് പൊളിച്ചുമാറ്റണമെന്ന ആവശ്യവും ബന്ധപ്പെട്ടവര്‍ ചെവികൊണ്ടിട്ടില്ല. വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ പോകുന്ന റോഡിനോട് ചേര്‍ന്നാണ് ഏതുനിമിഷവും വീഴാവുന്ന തരത്തിലുള്ള മതില്‍ നില്‍ക്കുന്നത്.








0 comments