മെഡി.സീറ്റ് തട്ടിപ്പ്: മുഖ്യപ്രതി അറസ്റ്റിൽ

തിരുവനന്തപുരം
രാജ്യത്തെ വിവിധ കോളേജുകളിൽ മെഡിക്കൽ അഡ്മിഷൻ വാഗ്ദാനം ചെയ്ത് ഓൺലൈനിലൂടെയും സമൂഹമാധ്യമം വഴിയും പരസ്യം നൽകി പണം തട്ടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. പ്രശാന്ത് അഗർവാളിനെയാണ് ക്രൈംബ്രാഞ്ച് സംഘം സ്വദേശമായ ഉത്തർപ്രദേശിൽനിന്ന് പിടികൂടിയത്. ന്യൂഡൽഹി, നോയിഡ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ഓൺലൈൻ, സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾവഴി വൻതോതിലുള്ള പരസ്യങ്ങൾ നൽകിയാണ് പ്രശാന്ത് അഗർവാൾ തട്ടിപ്പ് നടത്തിയത്. രാജ്യത്തെ വിവിധ കോളേജുകളിൽ മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് വിദ്യാർഥികളെയും രക്ഷിതാക്കളെയും കബളിപ്പിക്കുകയായിരുന്നു. 2020ൽ പരശുവയ്ക്കൽ സ്വദേശിയിൽനിന്ന് മുംബൈയിലെ ഡി വൈ പാട്ടീൽ കോളേജിൽ സീറ്റ് തരപ്പെടുത്തിക്കൊടുക്കാമെന്നു പറഞ്ഞ് നേരിട്ടും ബാങ്ക് അക്കൗണ്ടുകൾവഴിയുമായി 20 ലക്ഷം രൂപ തട്ടിയെടുത്തതാണ് കേസിനാസ്പദമായ സംഭവം. ഡി വൈ പാട്ടീൽ കോളേജ് ക്യാമ്പസിനകത്തുവച്ച് ഇയാൾ പരാതിക്കാരന് വ്യാജ അഡ്മിഷൻ ലെറ്റർ നൽകി കബളിപ്പിക്കുകയായിരുന്നു. നെയ്യാറ്റിൻകര സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. അഞ്ചുവർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഉത്തർപ്രദേശിലെ ഹാഥ്റസിൽനിന്നാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ഡിവൈഎസ്‌പി കെ സജീവ്, എഎസ്ഐ ക്രിസ്റ്റഫർ വൈ ആർ ഷിബു, എസ്‌പിഒമാരായ എം സുരേഷ് കുമാർ, എസ് വി ശ്രീരാജ്, സിപിഒ അജിത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. നെയ്യാറ്റിൻകര - കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.








0 comments