വിജയതാളം കൊട്ടാൻ റീജയും വനജയും

റീജാ കുമാരിയും വനജയും

റീജാ കുമാരിയും വനജയും

വെബ് ഡെസ്ക്

Published on Nov 20, 2025, 01:42 AM | 1 min read

എം ജഷീന കോഴിക്കോട് ആഘോഷങ്ങളിലും പൊതുപരിപാടികളിലും ചെണ്ട കൊട്ടി ആരവം തീർക്കുന്നവരാണ്‌ കുടുംബശ്രീ ‘സ്വരലയ’ വനിതാ ശിങ്കാരിമേള സംഘത്തിലെ റീജാ കുമാരിയും വനജ പറന്പിലും. എന്നാൽ, ഇനിയുള്ള ദിവസങ്ങളിൽ കൊട്ടിക്കയറുന്നത്‌ തെരഞ്ഞെടുപ്പ്‌ ഗോദയിലാണ്‌. ജനാധിപത്യത്തിന്റെ ആഘോഷത്തിന്‌ താളമേളം തീർക്കാൻ അരയും തലയും മുറുക്കി മത്സരത്തിന്‌ ഇറങ്ങുകയാണ്‌ ഇരുവരും. എ റീജാ കുമാരി ചേളന്നൂർ ബ്ലോക്ക്‌ പഞ്ചായത്തിലേക്ക്‌ പോലൂർ ഡിവിഷനിൽനിന്നും വനജ കുരുവട്ടൂർ പഞ്ചായത്തിലേക്ക്‌ 18ാം വാർഡിൽനിന്നുമാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥികളാകുന്നത്‌. സിപിഐ എം പ്രവർത്തകരായ ഇവരെ മത്സരരംഗത്തിറക്കിയതോടെ ജയഭേരി മുഴക്കാനുള്ള ആവേശത്തിലാണ്‌ നാട്ടുകാർ. 2011 ൽ വേറിട്ട ഉദ്യമം എന്ന രീതിയിൽ കുരുവട്ടൂർ പഞ്ചായത്ത്‌ കുടുംബശ്രീ സിഡിഎസിന്‌ കീഴിൽ ആരംഭിച്ചതാണ്‌ ‘സ്വരലയ’ വനിതാ ശിങ്കാരിമേള സംഘം. 22 അംഗങ്ങളുള്ള സംഘം ഇതിനകം 1500 ലധികം പരിപാടികൾ നടത്തി. തുടക്കം മുതൽ സംഘത്തിലെ സജീവ വാദ്യ കലാകാരികളാണ്‌ ഇവർ. ‘സ്വരലയയുടെ ഭാഗമായി ഒട്ടേറെ സ്ഥലങ്ങളിൽ പോയി, ആളുകളെ കണ്ടു. പരിപാടിയുടെ സംഘാടനം ഉൾപ്പെടെ നല്ല അനുഭവമാണ്‌. അതെല്ലാം മത്സരത്തിനിറങ്ങുന്പോൾ ആത്മവിശ്വാസം നൽകുന്നു’ റീജയും വനജയും പറയുന്നു. മഹിളാ പ്രധാൻ ഏജന്റായ റീജ, ദേശീയ സന്പാദ്യ പദ്ധതി ഏജന്റ്‌സ്‌ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പറന്പിൽ ബസാർ മേഖലാ ട്രഷറർ എന്നീ പദവികളും വഹിക്കുന്നു. സിപിഐ എം പറന്പിൽ നോർത്ത്‌ ബ്രാഞ്ചംഗമാണ്‌. സിപിഐ എം ഗൾഫ്‌ ബസാർ ബ്രാഞ്ച്‌ സെക്രട്ടറിയായ വനജ 18ാം വാർഡിൽ ആശാ വർക്കറുമാണ്‌. വാർഡിലെ ഓരോ വീടുമായുള്ള ബന്ധവും ഇടപെടലും വിജയം നൽകുമെന്ന പ്രതീക്ഷയിലാണ്‌. ആശാവർക്കേഴ്‌സ്‌ യൂണിയൻ (സിഐടിയു) ഏരിയാ കമ്മിറ്റി അംഗവുമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home