3.6 കോടി ചെലവിലാണ് പുതിയ ഹൈടെക് കെട്ടിടവും കവാടവും നിർമിച്ചത്
print edition മുപ്പത്തടത്തിന്റെ ഹൈടെക്

മുപ്പത്തടം ഗവ. എച്ച്‌എസ്‌എസിൽ പുതുതായി നിർമിച്ച കെട്ടിടവും കവാടവും

എസ് ശ്രീലക്ഷ്മി
Published on Nov 20, 2025, 02:45 AM | 1 min read
കൊച്ചി
"ഹെൈടെക് കെട്ടിടം സ്കൂളിന്റെ മാത്രമല്ല, നാടിന്റെ മുഖച്ഛായ മാറ്റി. വിശാലമായ ക്ലാസ് മുറികൾ. എൽഇഡി ടിവിയടക്കം ആധുനിക സൗകര്യങ്ങൾ. കുട്ടികളുടെ പഠനനിലവാരവം കൂടുതൽ ഉയരും. സ്കൂളിന്റെ മാറ്റത്തിൽ അഭിമാനവും സന്തോഷവുമുണ്ട്' – മുപ്പത്തടം ഗവ.എച്ച്‌എസ്‌എസിന്റെ പുതിയ മാറ്റത്തെക്കുറിച്ച് പറയുകയാണ് മുൻ പഞ്ചായത്തംഗവും സ്കൂളിലെ പൂർവവിദ്യാർഥിയുമായ കെ എൻ രാജീവ്.
ശതാബ്ദി പിന്നിട്ട മുപ്പത്തടം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി പി രാജീവിന്റെ ഇടപെടലിലാണ് പുതിയ ഹൈടെക് കെട്ടിടവും കവാടവും നിർമിച്ചത്. 3.6 കോടിയാണ് ചെലവിട്ടത്. പൊതുവിദ്യാലയ സംരക്ഷണത്തിന്റെ ഭാഗമായി ഒരുകോടിയും എഫ്എസിടിയുടെ പൊതുനന്മ ഫണ്ട് 2.60 കോടിയുമാണ് ലഭ്യമാക്കിയത്.
ഹൈടെക് ക്ലാസ് മുറികളും ഓഫീസുമടക്കം 12 മുറികളാണ് നിർമിച്ചത്. നവംബർ മൂന്നിനായിരുന്നു ഉദ്‌ഘാടനം. 1917 ൽ തുടങ്ങിയ സ്കൂളിൽ വിവിധ വിഭാഗങ്ങളിലായി 1118 കുട്ടികൾ പഠിക്കുന്നുണ്ട്. പുതിയ കെട്ടിടത്തിനൊപ്പം വിദ്യാർഥികൾക്ക് ശുദ്ധജലം ലഭ്യമാക്കാൻ റിവേഴ്സ് ഓസ്മോസിസ് പ്ലാന്റും നിർമിച്ചു. സുഡ് കെമി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പൊതുനന്മ ഫണ്ട് 5.5 ലക്ഷം ഉപയോഗിച്ച് ഓഡിറ്റോറിയവും നവീകരിച്ചു.
കളമശേരി മണ്ഡലത്തിലെ സ്കൂളുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിന്റെ ഭാഗമായി മന്ത്രി പി രാജീവ് നടപ്പാക്കുന്ന "സ്കൂളുകൾക്ക് ഒപ്പം' പദ്ധതിയുടെ ഭാഗമായാണ് കുടിവെള്ള പ്ലാന്റ് നിർമാണവും ഓഡിറ്റോറിയം നവീകരണവും.











0 comments