print edition റിസോർട്ടെന്തിനാ സ്‌കൂളുണ്ടല്ലോ ; സ്വപ്‌നേഷിന്റെ വാക്കുകളിലുണ്ട് പൊതുവിദ്യാലയങ്ങളുടെ മികവ്

കാരപ്പറമ്പ് ഗവ. എച്ച്എസ്എസിലെ കുട്ടികൾ / ഫോട്ടോ: മിഥുന്‍ അനില മിത്രന്‍

അതുൽ ബ്ലാത്തൂർ
Published on Nov 20, 2025, 02:45 AM | 1 min read
കോഴിക്കോട്
"സിനിമ ചിത്രീകരണത്തിന് റിസോർട്ടിനായി കുറേ അന്വേഷിച്ചു. അപ്പോഴാണ് കാരപ്പറമ്പ് സ്‌കൂളിന്റെ ചിത്രങ്ങൾ കാണുന്നത്. പിന്നെ ഒന്നും നോക്കീല, റിസോർട് മാറ്റി സ്‌കൂളിലായി ചിത്രീകരണം. സിനിമയിറങ്ങിയപ്പോൾ എല്ലാവരും പറഞ്ഞു നന്നായിയെന്ന്. അടുത്ത സിനിമയിലും കാരപ്പറമ്പ് സ്‌കൂളാണ് പ്രധാന ലൊക്കേഷൻ’ – എടക്കാട് ബറ്റാലിയൻ സിനിമയുടെ സംവിധായകൻ സ്വപ്‌നേഷ് കെ നായരിന്റെ വാക്കുകളിലുണ്ട് കേരളത്തിലെ പൊതുവിദ്യാലയങ്ങളുടെ മികവ്.

ടൊവിനോ നായകനായ ‘എടക്കാട് ബറ്റാലിയൻ’ സിനിമയിലെ ‘ഷെഹനായ് മൂളുന്നുണ്ടേ ആനന്ദരാവ്...’ പാട്ടിന്റെ രംഗം ചിത്രീകരിച്ചത് കാരപ്പറമ്പ് സ്‌കൂളിലാണ്. യുഡിഎഫ് കാലത്ത് അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന കാരപ്പറമ്പ് ഗവ. എച്ച്‌എസ്‌എസ് എൽഡിഎഫ് സർക്കാരിന്റെ മികവിലാണ് ചരിത്രം രചിച്ചത്.
12 കോടിയിലധികം രൂപ ചെലവഴിച്ചാണ് സ്‌കൂൾ ഹൈടെക്കാക്കിയത്. കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ എംഎൽഎയായിരുന്ന എ പ്രദീപ്‌കുമാറിന്റെ ‘പ്രിസം’ പദ്ധതിയിലൂടെയായിരുന്നു നവീകരണം.

കാരപ്പറമ്പ് ഗവ. എച്ച്എസ്എസിന്റെ പഴയ കെട്ടിടം
ആംഫി തിയറ്റർ, ബാസ്‌കറ്റ്‌ബോൾകോർട്ട്, മൾട്ടി പർപ്പസ് ഹാൾ, സ്മാർട്ട് ക്ലാസ് മുറികൾ, ഇൻഡസ്‌ട്രിയൽ അടുക്കള, ഡൈനിങ് ഹാൾ, അത്യാധുനിക ശുചിമുറികൾ, ഭിന്നശേഷി സൗഹൃദ റാമ്പുകൾ, തെറാപ്പി റൂം, ഓപ്പൺ സ്‌റ്റേജ്, ഇരുനിലകളിലായുള്ള ലൈബ്രറി, ആർട്ട് ഗാലറി, ലാബുകൾ എന്നിങ്ങനെ കെട്ടിലും മട്ടിലും ആരെയും അമ്പരപ്പിക്കുന്ന സൗകര്യങ്ങളാണ് സ്‌കൂളിലൊരുങ്ങിയത്. സ്വന്തമായി വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ 30 കിലോ വാട്ട് ശേഷിയുള്ള സോളർ പാനൽ വന്നു. 50,000 ലിറ്റർ ശേഷിയുള്ള മഴവെള്ളസംഭരണിയും മാതൃകയായി.










0 comments