വികസനം ചർച്ചയായി

കൊല്ലം
ജില്ലാപഞ്ചായത്ത് നടപ്പാക്കിയ വികസനങ്ങള്‍ അക്കമിട്ട് പറഞ്ഞ് ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റ് സാം കെ ഡാനിയേല്‍. കൊല്ലം പ്രസ് ക്ലബ് എസ്ബിഐ ഓഫീസേഴ്സ് അസോസിയേഷനുമായി ചേര്‍ന്ന് സംഘടിപ്പിച്ച സംവാദം ‘ദേശപ്പോരി'ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനപക്ഷ നിലപാടുകളുമായി അടുത്ത തവണയും എല്‍ഡിഎഫ് ഭരണസമിതി തുടരും. കോവിഡ് കാലത്താണ് ജില്ലാപഞ്ചായത്ത് ഭരണസമിതി അധികാരത്തില്‍ എത്തുന്നത്. കോവിഡ് കാലത്തെ കടുത്ത വെല്ലുവിളികളെ അതിജീവിക്കുക എന്നതായിരുന്നു പ്രധാന വെല്ലുവിളി. കെഎംഎംഎല്ലിന്റെ സഹായത്തോടെ 300 ഓക്സിജൻ കിടക്കകളുള്ള ആശുപത്രിയായി ശങ്കരമംഗലം സ്കൂളിനെ മാറ്റിക്കൊണ്ടായിരുന്നു കോവിഡിനെ നേരിട്ടത്. കേരള ചരിത്രത്തിൽ ആദ്യസംഭവമായിരുന്നു അത്. ജില്ലാപഞ്ചായത്ത് ഏറ്റെടുത്ത പദ്ധതികളെല്ലം പൂർത്തീകരിച്ചു. മാലാഖകൂട്ടം പദ്ധതിയിലൂടെ ലഭിച്ച പ്രവൃത്തി പരിചയത്തിന്റെ അടിസ്ഥാനത്തിൽ ലോകത്ത് പലയിടങ്ങളിലും ഉയർന്ന ശന്പളത്തിൽ യുവതികള്‍ ജോലിചെയ്യുന്നു. ഇതുസംസ്ഥാനം മാതൃകയായി എടുത്തു. ജില്ലാപഞ്ചായത്തിനു മുന്നിൽ വിപണനകേന്ദ്രം ആരംഭിച്ചു. ശുദ്ധമായ വെളിച്ചെണ്ണ, നെല്ല്, നാടൻ അരി, തേൻ, മുട്ട എന്നിവ ഉൾപ്പെടെ ഇതുവഴി വിതരണംചെയ്തു. കോഴിത്തീറ്റ ഉൽപ്പാദിപ്പിച്ച് വിപണിയിലെത്തിച്ചു. ഫാം ടൂറിസം നടപ്പാക്കിയതും ജില്ലാ പഞ്ചായത്തിന്റെ മികവാണെന്ന് സാം കെ ഡാനിയേൽ കൂട്ടിച്ചേർത്തു. തദ്ദേശ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ എത്തും. സുസ്ഥിരമായ വികസനത്തിന് ജില്ലാ പഞ്ചായത്ത് ഭരണസമിതിക്ക് എന്തു സംഭാവനചെയ്യാന്‍ കഴിഞ്ഞു എന്ന കാര്യത്തില്‍ ആത്മപരിശോധന നടത്തണമെന്നും ജില്ലാപഞ്ചായത്തിലെ ആര്‍എസ്‌പി നേതാവ് സി പി സുധീഷ്‌കുമാര്‍ പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് ഡി ജയകൃഷ്ണന്‍ അധ്യക്ഷനായി. സെക്രട്ടറി സനല്‍ ഡി പ്രേം സംസാരിച്ചു. നിര്‍വാഹക സമിതി അംഗം എ കെ എം ഹുസൈന്‍ മോഡറേറ്ററായി.








0 comments