തെക്കൻ ജില്ലകളിൽ അർഹമായ സീറ്റ് ലഭിച്ചിട്ടില്ലെന്ന് ലീഗ്
print edition പണം വാങ്ങി സീറ്റ് കച്ചവടം ; കോൺഗ്രസ് സ്വകാര്യ കമ്പനിയായെന്ന് നേതാക്കൾ

പാലക്കാട്
തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിർത്താൻ വൻതോതിൽ പണം വാങ്ങുന്ന കോൺഗ്രസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായെന്ന് തൃത്താലയിലെ കോൺഗ്രസ് നേതാക്കൾ. പണം, ഗ്രൂപ്പ് എന്നിവ അടിസ്ഥാനമാക്കിയാണ് പാർടി പ്രവർത്തിക്കുന്നത്. അതിനനുസരിച്ച് സീറ്റുകൾ കച്ചവടം നടത്തുന്നുവെന്നും കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് സി എ റംഷാദ്, കോണ്‍ഗ്രസ് തൃത്താല ബ്ലോക്ക് സെക്രട്ടറി അസ്‌ലം പൂക്കരത്ത് എന്നിവർ മാധ്യമങ്ങളോട് പറഞ്ഞു.
ആറുമാസംമുന്പ് ആവശ്യപ്പെട്ട സീറ്റ് ഗ്രൂപ്പ് നോക്കി വീതംവച്ചുവെന്ന് ആരോപിച്ച ഇവർ സ്വതന്ത്രരായി മത്സരിക്കുമെന്നും അറിയിച്ചു. തൃത്താലയിലെ മുതിർന്ന നേതാക്കളായ സി വി ബാലചന്ദ്രൻ, കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബൽറാം എന്നിവർ ചേർന്നാണ് തങ്ങളെ ഒതുക്കിയതെന്നും ഇവർ ആരോപിച്ചു. കെഎസ്‌യു, യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റികൾ ഒരുപോലെ ആവശ്യപ്പെട്ടിട്ടും ഇൗ നേതാക്കൾ വഴങ്ങിയില്ല.
മുൻകാലങ്ങളിൽ പാർടിയിൽ നടക്കുന്ന നെറികേടുകളെ ചോദ്യം ചെയ്തതാണ് തങ്ങളോടുള്ള വിദ്വേഷത്തിന് കാരണമെന്നും വലിയ വിഭാഗം നേതാക്കളുടെ പിന്തുണ തങ്ങൾക്കുണ്ടെന്നും ഇവർ പറഞ്ഞു. പിരായിരി പഞ്ചായത്തിൽ സീറ്റ് നിഷേധിച്ച് മറ്റൊരാൾക്ക് നൽകിയത് മറ്റുപല താൽപ്പര്യങ്ങളുടെ ഭാഗമായിരിക്കുമെന്ന് മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പ്രീജ സുരേഷ് പ്രതികരിച്ചിരുന്നു.
തെക്കൻ ജില്ലകളിൽ അർഹമായ സീറ്റ് ലഭിച്ചിട്ടില്ലെന്ന് ലീഗ്
തെക്കൻ ജില്ലകളിൽ മുസ്ലിംലീഗിന് അർഹമായ സീറ്റ് നൽകാത്തതിൽ പ്രതിഷേധമുണ്ടെന്നും ഇക്കാര്യം യുഡിഎഫ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. അഞ്ച് ജില്ലാ പഞ്ചായത്തിൽ ലീഗിന് ഒരു സീറ്റുപോലുമില്ല. മുന്നണി സംവിധാനമനുസരിച്ചുള്ള സീറ്റ് ലഭിച്ചിട്ടില്ല.
ലീഗിന് സ്വാധീനമുള്ള മേലഖകളിൽപോലും സീറ്റ് നൽകിയില്ല. പ്രാദേശിക ഘടകങ്ങൾ പ്രതിഷേധം പാർടിയെ അറിയിച്ചിട്ടുണ്ട്. സീറ്റ് ചർച്ച അന്തിമഘട്ടത്തിലാണ്. പരാതികൾ പരിഗണിക്കണമെന്ന് യുഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.
മലബാറിൽ കോൺഗ്രസിന് ലീഗ് അർഹമായ പരിഗണന നൽകിയില്ലെന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. പലയിടത്തും പ്രാദേശിക തർക്കങ്ങളുണ്ട്. പൊന്മുണ്ടത്ത് ലീഗും കോൺഗ്രസും വേറിട്ട് മത്സരിക്കുന്നത് ഒറ്റപ്പെട്ട പ്രതിഭാസമാണ്. പെരുമണ്ണ ക്ലാരിയിലും ഇത്തവണ പ്രശ്‌നമുണ്ടെന്നും അദ്ദേഹം മലപ്പുറം പ്രസ് ക്ലബ്ബിന്റെ ‘മീറ്റ് ദ ലീഡർ’ പരിപാടിയിൽ പറഞ്ഞു.









0 comments