ട്രെയിനിൽ മാലപൊട്ടിക്കാൻ ശ്രമിച്ചയാൾ റിമാൻഡിൽ

നേമം
ബാലരാമപുരം റെയിൽവേ ടണലിന് സമീപം ട്രെയിനിൽ വച്ച് യുവതിയുടെ മാലപൊട്ടിക്കാൻ ശ്രമിച്ച യുവാവ് അറസ്‌റ്റിൽ. കുഴിത്തുറയിൽനിന്ന് പാസഞ്ചർ ട്രെയിനിൽ കയറിയ കന്യാകുമാരി വിളവൻകോട് രാമൻതുറ സ്വദേശി ജാക്സൻ (31) ആണ് പിടിയിലായത്. ഇയാളെ റിമാൻഡ് ചെയ്‌തു. ചൊവ്വ പകൽ 2.30നാണ് സംഭവം. നെയ്യാറ്റിൻകരയിൽനിന്ന് കയറിയ നഴ്സിന്റെ സ്വർണമാലയാണ് ഇയാൾ പൊട്ടിക്കാൻ ശ്രമിച്ചത്. ബാലരാമപുരം ടണലിൽവച്ച് ട്രെയിൻ വേഗം കുറച്ചപ്പോൾ മാല പൊട്ടിച്ച് ട്രെയിനിൽനിന്ന് ചാടാൻ ശ്രമിച്ചെങ്കിലും മാല കൈയിൽ കിട്ടിയില്ല. ട്രാക്കിൽ വീണ് പരിക്കേറ്റ ജാക്സനെ പ്രദേശവാസികളും റെയിൽവേ പൊലീസും ചേർന്ന് ബാലരാമപുരം ആശുപത്രിയിലെത്തിച്ചു. പ്രേമനൈരാശ്യം കൊണ്ട് ആത്മഹത്യക്ക് ശ്രമിച്ചതാണെന്നാണ് ഇയാൾ ആദ്യം പറഞ്ഞത്. തിരുവനന്തപുരത്ത് എത്തിയ യുവതി സംഭവം റെയിൽവേ പൊലീസിൽ അറിയിച്ചതോടെയാണ് പ്രതി മാല പൊട്ടിക്കാൻ ശ്രമിച്ചത് പുറത്തു വരുന്നത്. തുടർന്ന് പാറശാല റെയിൽവേ പൊലീസ് ആശുപത്രിയിൽ നിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു.









0 comments