തോന്നയ്‌ക്കലിൽ കിൻഫ്ര മിനി വ്യവസായ പാർക്കും

തിരുവനന്തപുരം
വ്യവസായ പാർക്കുകൾക്ക് സ്ഥലം ഏറ്റെടുക്കുമ്പോൾ റോഡ് ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾകൂടി പരിഗണിക്കണമെന്ന് മന്ത്രി പി രാജീവ്. പലതരത്തിലുള്ള വാഹനങ്ങൾക്ക് പാർക്കിലേക്ക് എത്തിച്ചേരണം. അതിനുള്ള സൗകര്യംകൂടി ഉള്ളിടത്താകണം പാർക്കുകൾ വികസിപ്പിക്കേണ്ടതെന്നും തോന്നയ്‌ക്കലിലെ കിൻഫ്ര മിനി ഇൻഡസ്ട്രിയൽ പാർക്ക് ഉദ്ഘാടനം ചെയ്‌ത് മന്ത്രി പറഞ്ഞു. തോന്നയ്ക്കലിൽ 2011ൽ ഗ്ലോബൽ ആയുർവേദ പാർക്കിനായി ഏറ്റെടുത്ത സ്ഥലത്താണ് മിനി ഇൻഡസ്ട്രിയൽ പാർക്ക് സ്ഥാപിച്ചത്. അന്നുമുതൽ വെറുതെ കിടന്ന സ്ഥലം 2023ലാണ് മറ്റാവശ്യത്തിന് ഉപയോഗിക്കാനാകുംവിധത്തിൽ മാറ്റാനുള്ള അനുമതി ലഭ്യമാക്കിയത്. പാർക്കിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച ഉടൻ മുഴുവൻ യൂണിറ്റുകളും സംരംഭകർക്ക് കൈമാറാനായി. സംസ്ഥാനത്തെ വ്യവസായ പാർക്കുകളിൽ ഒരിടത്തും വികസിപ്പിച്ച ഭൂമി അനുവദിക്കപ്പെടാതെ അവശേഷിക്കുന്നില്ല. ചുരുക്കം ചില സ്ഥലങ്ങളിൽ കേസുകൾ നിലനിൽക്കുന്നതാണ് തടസ്സം. അദാലത്ത് നടത്തി കേസുകൾ തീർപ്പാക്കി ആ ഭൂമിയും സംരംഭകർക്ക് കൈമാറ്റം ചെയ്യാൻ നടപടികൾ സ്വീകരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. വി ശശി എംഎൽഎ അധ്യക്ഷനായി. പാർക്കിൽ ഭൂമി അനുവദിച്ചുള്ള കത്ത് 18 സംരംഭകർക്കും മന്ത്രി കൈമാറി. ജില്ലാ പഞ്ചായത്ത് അംഗം എം ജലീൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി ആർ ഹരിപ്രസാദ്, പഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ എസ് അജിത് കുമാർ, പഞ്ചായത്ത് അംഗം വി അജികുമാർ, വ്യവസായ ഡയറക്ടർ പി വിഷ്ണുരാജ് എന്നിവർ പങ്കെടുത്തു.
50 കോടി നിക്ഷേപം; 350 പേർക്ക് തൊഴിൽ
പൂർണമായും സംരംഭകർക്കായി അനുവദിച്ചുകഴിഞ്ഞ പാർക്കിൽ ഭക്ഷ്യ സംസ്കരണം, പേപ്പർ അധിഷ്ഠിത ഉൽപ്പന്നങ്ങൾ, ഫർണിച്ചർ, ഹാർഡ് വെയർ, പ്രതിരോധം, എയ്‌റോസ്‌പെയ്‌സ് എന്നീ വിഭാഗങ്ങളിൽപ്പെട്ട 18 യൂണിറ്റാണ് പ്രവർത്തനം ആരംഭിക്കുക. 7.48 ഏക്കർ സ്ഥലത്ത് റോഡ്, വൈദ്യുതി, വെള്ളം തുടങ്ങി എല്ലാവിധ സൗകര്യങ്ങളോടുംകൂടിയുള്ള ഭൂമിയാണ് സംരംഭകർക്ക് അനുവദിച്ചത്. ആറു കോടി രൂപയാണ് ചെലവിട്ടത്. ഇവിടെ ആരംഭിക്കുന്ന സംരംഭങ്ങൾ വഴി 50 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. 350 പേർക്ക് തൊഴിലവസരങ്ങളും ലഭ്യമാകും.









0 comments