കൂട്ട് ബിജെപി, യുഡിഎഫ് അനുകൂല ഉദ്യോഗസ്ഥര്‍
നാവായിക്കുളത്ത് വോട്ടര്‍പ്പട്ടികയില്‍ ക്രമക്കേട്: എല്‍ഡിഎഫ്

കിളിമാനൂർ
വാർഡ് പുനർനിർണയം കഴിഞ്ഞ് കരട് വോട്ടർപ്പട്ടിക പുറത്തിറങ്ങിയപ്പോൾ നാവായിക്കുളത്ത് ബിജെപി, യുഡിഎഫ് അനുകൂല ഉദ്യോഗസ്ഥർ ചേർന്ന് മാനദണ്ഡങ്ങൾ ലംഘിച്ച് വോട്ടർമാരെ സമീപവാർഡുകളിലേക്ക് മാറ്റിയതായി സിപിഐ എം നാവായിക്കുളം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ആരോപിച്ചു. ഇതുസംബന്ധിച്ച് സിപിഐ എം ഇലക്‌ടറൽ രജിസ്ട്രേഷൻ ഓഫീസർക്കും കലക്ടർക്കും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കമീഷനും വകുപ്പ് മന്ത്രിക്കും പരാതി നൽകി. നാവായിക്കുളം പഞ്ചായത്തിൽ പ്രസിദ്ധീകരിച്ച കരട് വോട്ടർപ്പട്ടികയിൽ ക്യൂ ഫീൽഡ് ആപ്പിന് വിരുദ്ധമായി ഏകദേശം 14 വാർഡുകളിൽ 150 മുതൽ 350 വരെ വോട്ടർമാരെ കൂട്ടത്തോടെ സമീപ വാർഡുകളിലേക്ക് മാറ്റിയതായാണ് ആരോപണം. ഇതിന് നേതൃത്വം നൽകിയിരിക്കുന്നത് എൻജിഒ സംഘ് സംസ്ഥാനഭാരവാഹിയും പഞ്ചായത്തിലെ അസിസ്റ്റന്റ് സെക്രട്ടറിയുമായ ബിജുവും തൊഴിലുറപ്പ് പദ്ധതി ഓഫീസിലെ താൽക്കാലിക ജീവനക്കാരനും കോൺഗ്രസ് വാർഡ് സെക്രട്ടറി രാഹുലും ചേർന്നാണെന്ന് സിപിഐ എം ആരോപിച്ചു. പറകുന്ന്, ചാവർകോട്, ഇരുപത്തിയെട്ടാംമൈൽ, വെട്ടിയറ, പലവക്കോട്, തൃക്കോവിൽവട്ടം, പഞ്ചായത്ത് ഓഫീസ്, നാവായിക്കുളം, കപ്പാംവിള, കരിമ്പുവിള, കുടവൂർ, കോട്ടറക്കോണം, കല്ലമ്പലം, മുക്കുകട എന്നീ വാർഡുകളിലെ വോട്ടർമാരെയാണ് മാറ്റിയിരിക്കുന്നത്. വോട്ടർപ്പട്ടികയിലെ കൃത്രിമം പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ചുമതലകളിൽനിന്നും മാറ്റണമെന്നും സിപിഐ എം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി എസ് ഹരിഹരൻപിള്ള ആവശ്യപ്പെട്ടു.









0 comments