യൂണിവേഴ്സൽ ഫാർമ എന്ന സ്ഥാപനത്തിലാണ് തീപടർന്നത്
വലിയശാലയിൽ തീപിടിത്തം: വൻ അപകടം ഒഴിവായി

വലിയശാലയിൽ യൂണിവേഴ്സൽ ഫാർമയിൽ ചൊവ്വ രാത്രി ഉണ്ടായ തീപിടിത്തം
തിരുവനന്തപുരം
വലിയശാലയിലെ മരുന്ന് വിൽപ്പന സ്ഥാപനത്തിൽ തീപിടിത്തം. കെഎസ്ഇബി, അഗ്നിരക്ഷാസേന, പൊലീസ് എന്നിവരുടെ സമയോചിതമായ ഇടപെടല്‍ വൻ ദുരന്തം ഒഴിവാക്കി. തൈക്കാട് ശാന്തികവാടം – കിള്ളിപ്പാലം റോഡിലെ വലിയശാല സ്വദേശി സന്തോഷിന്റെ ഉടമസ്ഥതയിലുള്ള ‘യൂണിവേഴ്സൽ ഫാർമ' എന്ന സ്ഥാപനത്തില്‍ ചൊവ്വ രാത്രി 8.20 ഓടെയാണ് സംഭവം. മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ ലിഫ്റ്റിനോട് ചേർന്ന താഴത്തെ ഭാഗത്താണ് ആദ്യം തീ പടര്‍ന്നത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ സമീപത്തെ വീട്ടിലേക്കും പടർന്നു. നാട്ടുകാരുടെ അവസരോചിത ഇടപെടലിലൂടെ വീട്ടിലുണ്ടായിരുന്ന അമ്മയെയും കുഞ്ഞിനെയും സുരക്ഷിത സ്ഥാനത്തേക്കുമാറ്റി. ഉടന്‍ രാജാജിനഗറിൽനിന്ന് അഗ്നിരക്ഷാസേനയുടെ മൂന്ന് യൂണിറ്റെത്തി. ആദ്യം വീട്ടിലേക്ക് പടർന്ന തീ പൂർണമായും അണച്ചു. പിന്നീട് സ്ഥാപനത്തിലെയും. 45 മിനിറ്റിലെ രക്ഷാപ്രവർത്തനം തീ പൂര്‍ണമായും കെടുത്തി. അഗ്നിരക്ഷാസേന ഫയർ ഓഫീസറായ ദിനുമോന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. വലിയശാല കൗൺസിലർ എസ് കൃഷ്ണകുമാർ, എൽഡിഎഫ് സ്ഥാനാർഥി ബിന്ദു മേനോൻ, തൈക്കാട് എൽഡിഎഫ് സ്ഥാനാർഥി ജി വേണുഗോപാലൻ എന്നിവരും രക്ഷാപ്രവർത്തനത്തിന് നേതൃത്വംനൽകി. ആന്റണി രാജു എംഎൽഎ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.









0 comments