അരങ്ങിൽ കൈയടി നേടി എന്റെ കേരളം കുട്ടി നാടകം

ഗിരീഷ് എസ് വെഞ്ഞാറമൂട്
Published on Feb 01, 2025, 02:51 AM | 1 min read
വെഞ്ഞാറമൂട് : പുല്ലമ്പാറ പഞ്ചായത്തിന്റ ആഭിമുഖ്യത്തിൽ അവതരിപ്പിക്കുന്ന കുട്ടികളുടെ നാടകം "എന്റെ കേരളം’ അരങ്ങിലെത്തിയപ്പോൾ വലിയ ആവേശത്തോടെയാണ് സദസ്സ് സ്വീകരിച്ചത്. 2022ൽ ആരംഭിച്ച ‘ചങ്ങാതി ഡോക്യൂ ഡ്രാമ’ പദ്ധതിയുടെ രണ്ടാംഘട്ടമായാണ് നാടകം അവതരിപ്പിച്ചത്. കേരളത്തിന്റെ ഇന്നലെകൾ, സാമൂഹ്യ പോരാട്ടങ്ങൾ, നാളത്തെ കേരളം ഇങ്ങനെ പോകുന്ന കേരളത്തിന്റെ ചിത്രമാണ് ഇത്തവണ അരങ്ങിലെത്തിച്ചത്.
കലയും സാഹിത്യവും കാഴ്ചപ്പാടുകളും കാലത്തിന്റെ ഏടുകളുമെല്ലാം ഒരു ചരടിൽ കോർത്ത മുത്തുകൾപോലെ രംഗത്ത് മിന്നിമറഞ്ഞു. പ്രളയകാലത്തെ അതിജീവനവും മത്സ്യത്തൊഴിലാളികളുടെ രക്ഷാപ്രവർത്തനവും നാടകത്തിൽ നിറഞ്ഞുനിന്നു. വൈക്കം മുഹമ്മദ് ബഷീറും കുഞ്ഞുണ്ണി മാഷും ജി ശങ്കരപ്പിള്ളയുംവന്ന് കുട്ടികളോട് കഥയും കാര്യവും പറഞ്ഞു. അവരോടൊപ്പം പാട്ടുപാടി.
ഇന്നത്തെ കേരളം എത്തിയ വഴികളിൽ, അയ്യൻകാളിയും ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമികളും കുമാരനാശാനും ചങ്ങമ്പുഴയുമെല്ലാം കടന്നുവരുന്നുണ്ട്. ‘എ ഐ' സാങ്കേതികവിദ്യയെ ഉൾപ്പെടുത്തി ലഡാഷ് എന്ന കഥാപാത്രം നാടകത്തിന് പുതിയ ചരിത്രം കുറിക്കുകയാണ്. നാടക സംവിധായകരും കലാപ്രവർത്തകരുമായ മനോജ് നാരായണനും കോഴിക്കോട് അബൂബക്കറുമാണ് നാടകത്തിന്റെ ശിൽപ്പികൾ. നാടകത്തിലൂടെ അരങ്ങിലെത്തുന്ന 24 കുട്ടികളും ഈ പഞ്ചായത്തിനകത്ത് സ്ഥിരതാമസക്കാരാണ്. 16 ദിവസത്തെ പരിശീലനംകൊണ്ടാണ് നാടകം പൂർത്തീകരിച്ചത്. നാടകമാണ് ഈ നാടിനെ മാറ്റിമറിച്ചത്. അതുകൊണ്ട് നാടകം ഇല്ലാത്ത നാട് എന്തിനാണെന്ന ഒരു ചോദ്യം ഉയർത്തിക്കൊണ്ടാണ് തിരശ്ശീല വീഴുന്നത്.









0 comments