ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ലഹരിസംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു

പവന്റെ മുതുകിൽ വെട്ടേറ്റ നിലയിൽ, വെട്ടേറ്റ ജിതിന്റെ കൈ,
സ്വന്തം ലേഖകൻ
Published on Jun 13, 2025, 01:23 AM | 1 min read
കിളിമാനൂർ
ഡിവൈഎഫ്ഐ പ്രവർത്തകരെ ലഹരിസംഘം മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ചു. ഡിവൈഎഫ്ഐ പുളിമാത്ത് മേഖലാ വൈസ് പ്രസിഡന്റ് ജിതിൻ (22), താളിക്കുഴി യൂണിറ്റ് കമ്മിറ്റിയംഗം പവൻ എന്നിവരെയാണ് ലഹരിസംഘം ആക്രമിച്ചത്. നിരവധി കേസിൽ പ്രതിയായ താളിക്കുഴി സ്വദേശി വിഷ്ണുവും (23) സുഹൃത്തും ചേർന്നാണ് ഇരുവരെയും ആക്രമിച്ചത്. വ്യാഴം രാത്രി 11ന് താളിക്കുഴിയിലാണ് സംഭവം. ജിതിനും പവനും താളിക്കുഴി സമസ്യ ഗ്രന്ഥശാലയിലെ ഡിവൈഎഫ്ഐയുടെ സൗജന്യ രാത്രികാല പിഎസ്‌സി പരീക്ഷാ പരിശീലന ക്ലാസിനുശേഷം ഭക്ഷണം കഴിക്കാൻ താളിക്കുഴിയിലെ ഹോട്ടലിൽ എത്തിയതായിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ ഉറക്കെ സംസാരിച്ചെന്ന് ആരോപിച്ച് ഈ സമയം ഇവിടെയുണ്ടായിരുന്ന വിഷ്ണുവും സുഹൃത്തും ഇരുവരോടും കയർക്കുകയും ആക്രമിക്കുകയുമായിരുന്നു. വിഷ്ണു സമീപത്തെ വീട്ടിൽപോയി കൊടുവാളെടുത്തുകൊണ്ടുവന്ന് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടി. കഴുത്തിന് നേരെ വെട്ടിയത് ജിതിൻ ചെറുത്തതിനാൽ ഇരുകൈകൾക്കും പരിക്കേറ്റു. പവന്റെ മുതുകിനാണ് വെട്ടിയത്. ഗുരുതര പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലറ പമ്പിലെ ആക്രമണം, വീടുകയറി ആക്രമണംതുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ലഹരിക്ക് അടിമയായ വിഷ്ണു. ആക്രമത്തിൽ പ്രതിഷേധിച്ച് ഡിവെെഎഫ്ഐ പ്രകടനവും യോഗവും സംഘടിപ്പിച്ചു.









0 comments