ഡീപ്‌സീക്ക് ' എഐ രംഗത്ത് ഓപണ്‍ സോഴ്സിന്റെ സാധ്യത വർധിപ്പിക്കുന്നു; വൈ കിരണ്‍ ചന്ദ്ര

ഡിഎകെഎഫ് സംഘടിപ്പിച്ച 'ഡീപ്‌സീക്ക് ഗെയിം ചെയ്ഞ്ചറോ' സെമിനാറില്‍ വൈ കിരണ്‍ ചന്ദ്ര സംസാരിക്കുന്നു. കെ അന്‍വര്‍ സാദത്ത്, ഡോ.ടി ടി സുനില്‍, ടിഗോപകുമാര്‍, ജയദേവ് ആനന്ദ് എന്നിവർ സമീപം
തിരുവനന്തപുരം: കുത്തകകള്‍ വാഴുന്ന നിര്‍മിതബുദ്ധി രംഗത്ത് ഇതുവരെ പുറത്തിറങ്ങിയ ഏറ്റവും നല്ല ഓപൺ സോഴ്‌സ് ബദൽ മാതൃകയാണ് ഡീപ്‌സീക്കെന്ന് ഫ്രീസോഫ്റ്റ്‌വെയര്‍ മൂവ്മെന്റ് ഓഫ് ഇന്ത്യ (എഫ്എസ്എംഐ) ജനറൽ സെക്രട്ടറിയും 'സ്വേച്ഛാ' സ്ഥാപകനുമായ വൈ കിരണ്‍ ചന്ദ്ര. തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം (ഡിഎകെഎഫ് ) സംഘടിപ്പിച്ച 'ഡീപ്‌സീക്ക് ഒരു ഗെയിം ചെയ്ഞ്ചറോ' എന്ന സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഡീപ്‌സീക്ക്, ഒരേ സമയം സോഴ്സ് കോഡും ഓപണ്‍ വെയിറ്റും വെളിപ്പെടുത്തുമ്പോള്‍തന്നെ ഡാറ്റാ സെറ്റ് പരസ്യപ്പെടുത്തുന്നില്ല എന്ന പരിമിതി നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് പൂർണമായും ഓപണ്‍ സോഴ്സ് എന്ന് പറയാനാകില്ലെങ്കിലും സ്വന്തമായി ചെലവ് കുറഞ്ഞ ലാംഗ്വേജ് മോഡലുകള്‍ നിര്‍മിക്കാന്‍ ഉൾപ്പെടെ ഈ നീക്കം ഉപകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലാംഗ്വേജ് മോഡലുകള്‍ സാധാരണ കമ്പ്യൂട്ടറുകളിലും മൊബൈല്‍ ഫോണുകളിലും ഉപയോഗിക്കുന്ന വിധവും, അല്‍ഗോരിത പക്ഷപാതിത്വമില്ലാതെ സ്വന്തമായി രൂപകല്പന ചെയ്യാനുള്ള സാധ്യതയും കുറിച്ച് ഐസി ഫോസ് ഡയറക്ടര്‍ ഡോ. ടി ടി സുനിൽ വിശദീകരിച്ചു. ഡിഎകെഎഫ് സംസ്ഥാന പ്രസിഡന്റ് കെ അന്‍വര്‍ സാദത്ത് മോഡറേറ്ററായി. സെക്രട്ടറി ടി ഗോപകുമാര്‍, സി-ഡിറ്റ് രജിസ്ട്രാര്‍ ജയദേവ് ആനന്ദ്, ഡെപ്യൂട്ടി ഡയറക്ടര്‍ എസ് ബി ബിജു എന്നിവർ സംസാരിച്ചു.









0 comments