കോഴിയിറച്ചിയെത്തും കുടുംബശ്രീവഴി

തിരുവനന്തപുരം
കുടുംബശ്രീ ബ്രോയ്‌ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ഫ്രോസൺ, ചിൽഡ് സെയിൽസ് ഔട്ട്‌ലെറ്റ് തുറക്കുന്നു. പേട്ട പള്ളിമുക്കിൽ സെന്റ് ആനീസ് സ്കൂളിന് എതിർവശം കമ്പനിയുടെ കോർപറേറ്റ് ഓഫീസിനോട് ചേർന്ന ഒൗട്ട്‌ലെറ്റ് ചൊവ്വ പകൽ 3.30ന് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. ഇതാദ്യമായാണ് കമ്പനി സ്വന്തം ഒൗട്ട്‌ലെറ്റ് ആരംഭിക്കുന്നത്. കുടുംബശ്രീ വനിതകളുടെ ഫാമുകളിൽ വളർത്തിയ കോഴികളെ ശാസ്ത്രീയമായി സംസ്‌കരിച്ച് ശീതീകരിച്ച കോഴിയിറച്ചിയാണ് ഇവിടെ ലഭിക്കുക. ആനയറയിലെ കേരള ചിക്കൻ മിനി പ്രോസസിങ് പ്ലാന്റിൽനിന്നാണ് ഔട്ട്‌ലെറ്റിലേക്കുള്ള ഉൽപ്പന്നം എത്തിക്കുന്നത്. "കുടുംബശ്രീ കേരള ചിക്കൻ' എന്ന ബ്രാൻഡിൽ ചിക്കൻ ഡ്രം സ്റ്റിക്സ്, ബോൺലെസ് ബ്രസ്റ്റ്, ചിക്കൻ ബിരിയാണി കട്ട്, ചിക്കൻ കറി കട്ട്, ഫുൾ ചിക്കൻ എന്നിവയാണ് ഉൽപ്പന്നങ്ങൾ. ഒരു കിലോ മുതൽ ലഭിക്കും. ഹോട്ടലുകൾ, കാറ്ററിങ് യൂണിറ്റുകൾ എന്നിവിടങ്ങളിൽനിന്നുള്ള ഓർഡറുകളും സ്വീകരിക്കും. പത്തു കിലോയിൽ കൂടുതലുള്ള ഓർഡറുകൾ നേരിട്ടെത്തിച്ചു കൊടുക്കും. കോഴിയിറച്ചി കൊണ്ടുള്ള വിവിധ മൂല്യവർധിത ഉൽപ്പന്നങ്ങളുടെ വിപണനവും ആരംഭിക്കും. ന്യായവിലയ്ക്ക് ശുദ്ധമായ കോഴിയിറച്ചി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് കേരള ചിക്കൻ. നിലവിൽ 482 ബ്രോയ്‌ലർ ഫാമുകളും 142 ഔട്ട്‌ലെറ്റുകളും സംസ്ഥാനത്തുണ്ട്. പദ്ധതി ആറു വർഷം പിന്നിടുമ്പോൾ 400 കോടിയിലേറെയാണ് വിറ്റുവരവ്. 700 കുടുംബങ്ങൾക്ക് നേരിട്ടും 300 കുടുംബങ്ങൾക്ക് പരോക്ഷമായും തൊഴിൽ നൽകുന്നു. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിൽ കേരള ചിക്കൻ ഹൈബ്രിഡ് ഔട്ട്‌ലെറ്റുകൾ വഴി ഫ്രോസൺ ഉൽപ്പന്നങ്ങൾ ലഭിക്കും.








0 comments