സമരംചെയ്ത ഭൂമിയില്‍ അന്തിയുറങ്ങാം, അഭിമാനത്തോടെ

വിതുര : സമരംചെയ്ത് നേടിയ ഭൂമിയിൽത്തന്നെ തങ്ങളുടെ വീടുയരുമ്പോൾ ചെറ്റച്ചലിലെ ആദിവാസി കുടുംബങ്ങള്‍ക്ക് അഭിമാനം, ഒപ്പം തങ്ങളുടെ പോരാട്ടത്തിന് ഒപ്പംനിന്ന ആദിവാസി ക്ഷേമസമിതിയോടുള്ള തീർത്താൽ തീരാത്ത കടപ്പാടും.
രണ്ട് പതിറ്റാണ്ട് നീണ്ട ആദിവാസി ക്ഷേമ സമിതിയുടെ സമരമാണ് ഇതോടെ വിജയിച്ചത്. സമരഭൂമിയിൽ 18 ആദിവാസി കുടുംബങ്ങൾക്കാണ് വീട് ഒരുങ്ങുന്നത്. ജില്ലയിലെ ഏക ആദിവാസി ഭൂസമര കേന്ദ്രമാണ് ചെറ്റച്ചൽ.
നെടുമങ്ങാട് താലൂക്കില്‍ തെന്നൂര്‍ വില്ലേജില്‍ മൃഗസംരക്ഷണ വകുപ്പിന്റെ അധീനതയിലുള്ള ചെറ്റച്ചല്‍ ജഴ്‌സി ഫാം കോമ്പൗണ്ടില ഭൂമിയില്‍ 2003 ഏപ്രിലിലാണ് ഭൂമി പതിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് 86 ആദിവാസി കുടുംബങ്ങള്‍ സമരം തുടങ്ങിയത്. വനഭൂമിയാണെന്ന് തിട്ടപ്പെടുത്തി വനാവകാശ നിയമപ്രകാരം ഭൂമി വിതരണം ചെയ്യുന്നതിനുള്ള നടപടി ആരംഭിച്ചു. തുടക്കത്തില്‍ 86 കുടുംബങ്ങള്‍ ഉണ്ടായിരുന്നെങ്കിലും 34 കുടുംബങ്ങൾ സ്ഥിരതാമസം ആരംഭിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് കുടില്‍കെട്ടി താമസിക്കുന്ന 33 പേര്‍ക്ക് ഓരോരുത്തര്‍ക്കും 20 സെന്റ് മുതല്‍ 50 സെന്റ് വരെയുള്ള ഭൂമിക്ക്, 2022 ആഗസ്‌ത് 25ന് കൈവശാവകാശ രേഖ വിതരണം ചെയ്തു. ആകെ ഏഴ് ഏക്കര്‍ നാല് സെന്റാണ് വിതരണം ചെയ്തത്. വൈദ്യുതി, കുടിവെള്ളം എന്നിവ ഇവിടെയുണ്ട്.
തദ്ദേശീയ ജനതയുടെ സഹകരണ നിർമാണ പ്രസ്ഥാനമായ കുളത്തൂപ്പുഴ ഗോത്രജീവിക സംഘമാണ് നിർമാണത്തിന് നേതൃത്വം നൽകുന്നത്. 6 ലക്ഷം രൂപ ഓരോ വീടിനും ചെലവിടും. പ്രത്യേക അനുമതി നേടിയാണ് വീടുകൾ നിർമിക്കുന്നത്. ആകെ ഒരു കോടി 8 ലക്ഷം രൂപയാണ് ചെലവിടുന്നത്.









0 comments