നിർധന കുടുംബത്തിന്റെ കിടപ്പാടം ലേലംചെയ്യാൻ ബാങ്ക്‌

ആത്മഹത്യാ ഭീഷണിയുമായി കുടുംബം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 22, 2025, 03:02 AM | 1 min read

പേരൂർക്കട

വായ്പാ ജാമ്യമായിവച്ച നിർധന കുടുംബത്തിന്റെ കിടപ്പാടം ലേലം ചെയ്യാനൊരുങ്ങി കോൺഗ്രസ് ഭരണസമിതി നേതൃത്വം കൊടുക്കുന്ന കോ–ഓപറേറ്റീവ്‌ ബാങ്ക്‌. വട്ടിയൂർക്കാവ് മൂന്നാംമൂട് മഞ്ചൻപാറ ആനി ഭവനിൽ ജോയി കുമാറിന്റെയും കുടുംബത്തിന്റെയും ആകെ ആസ്തിയായ മൂന്ന്‌ സെന്റ്‌ വസ്തുവും വീടും ലേലം ചെയ്യാൻ തീരുമാനിച്ചതായാണ്‌ തിരുവനന്തപുരം കോ–ഓപറേറ്റീവ് അർബൻ ബാങ്ക്‌ നോട്ടീസ്‌ പതിച്ചത്‌. വ്യാഴാഴ്ച ലേല നടപടികൾ പൂർത്തിയാക്കുമെന്ന്‌ അറിയിച്ചതോടെ കുടുംബം ആത്മഹത്യാ ഭീഷണി മുഴക്കി. ജോയി കുമാറും ഭാര്യ സൂസി ജോർജും മകളും വീടിനകത്തു കയറി വാതിൽ അടച്ചശേഷം ആത്മഹത്യ ചെയ്യേണ്ടിവരുമെന്ന് ബന്ധുക്കളെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസും നാട്ടുകാരും സിപിഐ എം നേതാക്കളുമാണ്‌ കുടുംബത്തെ അനുനയിപ്പിച്ചത്‌. ബാങ്കിന്റെ വട്ടിയൂർക്കാവ് ശാഖയിൽനിന്ന് 9.50 ലക്ഷം രൂപയാണ്‌ വായ്‌പയെടുത്തത്‌. ഇതിൽ 13 ലക്ഷത്തിലധികം രൂപ ഇതുവരെ തിരിച്ചടച്ചെന്ന്‌ ജോയി കുമാർ പറഞ്ഞു. 14 ലക്ഷത്തിലധികം രൂപ കൂടി അടയ്ക്കാനുണ്ടെന്നാണ് ബാങ്ക് ആവശ്യപ്പെടുന്നതെന്നും കുടുംബം പറഞ്ഞു. കിടപ്പാടം സംരക്ഷിക്കണമെന്നാണ്‌ ആവശ്യം. മൂന്ന് വർഷം കാലാവധിയിൽ 2014ലാണ്‌ ക്യാഷ് ക്രെഡിറ്റ് ലോൺ ഇനത്തിൽ വായ്‌പ നൽകിയതെന്നും മുന്നറിയിപ്പെല്ലാം നൽകിയാണ്‌ നടപടിയെന്നുമാണ്‌ ബാങ്ക് അധികൃതരുടെ വിശദീകരണം. ഒരു വർഷം മുമ്പ്‌ ജപ്തി നടപടി പൂർത്തിയാക്കിയെന്നും അധികൃതർ പറഞ്ഞു. നിർധന കുടുംബത്തെ ഇറക്കിവിടാനുള്ള ശ്രമത്തിൽ പ്രതിഷേധമുയർന്നിട്ടുണ്ട്. കുടുംബത്തെ വഴിയാധാരമാക്കാതെ സംരക്ഷിക്കാൻ ഇടപെടൽ നടത്തുമെന്ന് വി കെ പ്രശാന്ത് എംഎൽഎ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home