"കല'യ്ക്കിന്ന് വജ്രത്തിളക്കം

സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ് പദ്ധതിയിൽ മുട്ടട പിഎച്ച് സെന്റർ ഓഡിറ്റോറിയത്തിൽ നൃത്തം അഭ്യസിക്കുന്ന വിദ്യാർഥിനികളും വീട്ടമ്മമാരും

സ്വാതി സുജാത
Published on Nov 25, 2025, 12:00 AM | 1 min read
തിരുവനന്തപുരം
"സൂപ്പറാണ്, ഹാപ്പിയാണ്... മോഹിനിയാട്ടമാണ് ഞാൻ പഠിക്കുന്നത്. മെയ്‌വഴക്കം നന്നായി ആവശ്യമുള്ള കലാരൂപം അന്പതാം വയസ്സിൽ പഠിച്ചെടുക്കാൻ കഴിയുന്നതുതന്നെ വല്യകാര്യമല്ലേ. ഞാൻ എല്ലാ ക്ലാസിലും പോകും. മുടക്കാറേയില്ല. ക്ലാസുകൾ തുടരുമല്ലോ അല്ലേ, അഭിരാമി ടീച്ചർ തന്നെ ആകില്ലേ ക്ലാസെടുക്കുന്നത്. ടീച്ചറിന്റെ ക്ലാസ് കംഫർട്ട് ആണ്'– കലാകാരന്മാരെ കൈപിടിച്ചുയർത്താൻ കേരള സാംസ്‌കാരിക വകുപ്പും തദ്ദേശ സ്ഥാപനങ്ങളും ചേർന്നു നടപ്പാക്കുന്ന വജ്ര ജൂബിലി ഫെലോഷിപ് പദ്ധതിയിലൂടെ വീടിനടുത്ത കേന്ദ്രത്തിൽ പരിശീലനം നേടുന്ന മുട്ടട സ്വദേശി റീജ മുരളിയുടെ വാക്കുകളിൽ സ്വപ്നസാക്ഷാൽക്കാരത്തിന്റെ സന്തോഷവും കലയോടുള്ള സ്‌നേഹവുമാണ്. പദ്ധതിയിലൂടെ 14,000 പേർക്കാണ് തിരുവനന്തപുരം നഗരസഭ സൗജന്യ കലാപഠനം സാധ്യമാക്കിയത്. കൂടുതൽ ജനങ്ങൾക്ക് എത്തിച്ചേരാൻ കഴിയുന്ന പൊതു ഇടങ്ങളാണ് കലാപഠനത്തിനായി ഉപയോഗിക്കുന്നത്. ക്ലാസിക്കൽ കല, അഭിനയം, ലളിതകല, ഫോക്‌ലോർ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി സർക്കാർ തയ്യാറാക്കിയ 40 വിഷയത്തിലാണ് പരിശീലനം. അധ്യാപകരുടെ ലഭ്യതയനുസരിച്ച് ഇതിൽ മാറ്റം വരാം. വീട്ടമ്മമാര്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, വൈദികര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി നാനാമേഖലകളില്‍നിന്ന് നിരവധി പേര്‍ പരിശീലനം നേടുന്നുണ്ട്. കുടുംബസമേതം എത്തുന്നവരുടെയും എണ്ണം കൂടുതലാണ്. കലാമണ്ഡലം, ആർഎൽവി, സംഗീത കോളേജ് എന്നിവിടങ്ങളിൽനിന്ന് ബിരുദാനന്തര ബിരുദം നേടിയവരാണ് അധ്യാപകർ. ഇവർക്ക് ഫെലോഷിപ് നൽകുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി കലാ വിദ്യാഭ്യാസത്തിനായി യുവകലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക, സാധാരണ ജനങ്ങളിലേക്ക് കലയുടെ അവബോധം വളർത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പദ്ധതി. ശനി, ഞായർ ദിനങ്ങളിലാണ് ക്ലാസുകൾ. നർത്തകി സൗമ്യ സുകുമാരനാണ് ജില്ലാ കോ ഓർഡിനേറ്റർ. മുട്ടട, പാൽക്കുളങ്ങര, വലിയശാല, നെടുമങ്ങാട്, ചാക്ക, കളിപ്പാൻകുളം, പാളയം, മുട്ടത്തറ, ഇലിപ്പോട്, കഴക്കൂട്ടം, വട്ടിയൂർക്കാവ് തുടങ്ങിയവയടക്കം 65 കേന്ദ്രത്തിലാണ് പരിശീലനം.









0 comments