ജില്ലാ പഞ്ചായത്തിലേക്ക് വോട്ടുതേടി 80 പേർ

ആലപ്പുഴ
തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിൽ വോട്ടു തേടിയിറങ്ങുക 80 സ്ഥാനാർഥികൾ. 24 ഡിവിഷനുകളാണുള്ളത്. സൂക്ഷ്‌മപരിശോധനയിൽ ഒരാളുടെ പത്രിക തള്ളി. എൽഡിഎഫിനായി 16 ഡിവിഷനുകളിൽ സിപിഐ എം മത്സരിക്കും. സിപിഐ അഞ്ച്, ജെഡിഎസ്, കേരള കോൺഗ്രസ് എം, ആർജെഡി എന്നീ പാർട്ടികൾ ഓരോ സീറ്റിലും മത്സരിക്കും. യുഡിഎഫ്, എൻഡിഎ മുന്നണികൾ 24 ഡിവിഷനുകളിലും നാല് സ്വതന്ത്രരും രണ്ട് വീതം സീറ്റുകളിൽ ബിഎസ്‌പിയും ആം ആദ്‌മി പാർട്ടിയും മത്സരിക്കും. 1666 ജനപ്രതിനിധികളെയാണ് ജില്ലയിൽ തെരഞ്ഞെടുക്കേണ്ടത്. ജില്ലാ പഞ്ചായത്തിൽ എൽഡിഎഫിന്റെ സ്ഥാനാർഥികളിൽ മൂന്നുപേരൊഴികെ ബാക്കി 21 പേരും ആദ്യമായാണ് മത്സരിക്കുന്നത്. മൂന്നാം തവണ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സിപിഐ എമ്മിന്റെ അഡ്വ. ആർ റിയാസ്, സിപിഐയുടെ സന്ധ്യ ബെന്നി, ജനതാദൾ എസിന്റെ ജി ആതിര എന്നിവരാണ് മുമ്പ് ജില്ലാ പഞ്ചായത്തംഗങ്ങളായത്. 13 പേർ ആദ്യമായാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 12 വനിതകൾക്കും 40ന് താഴെ പ്രായമായ ഒമ്പത് പേർക്കും എൽഡിഎഫ് അവസരം നൽകി. സിപിഐ എമ്മിന്റെ ഏഴുപേർ പുതുമുഖങ്ങളാണ്. സിപിഐ മൂന്ന് പുതുമുഖങ്ങളെ രംഗത്തിറക്കി. ഒരു സീറ്റിൽ വീതം മത്സരിക്കുന്ന കേരള കോൺഗ്രസ് എം, രാഷ്‌ട്രീയ ജനതാദൾ സ്ഥാനാർഥികളും പുതുമുഖങ്ങളാണ്.









0 comments