ഓൺലൈൻ തട്ടിപ്പ്‌

16.6 ലക്ഷം തട്ടിയ കേസിൽ 
ഒരാൾകൂടി പിടിയിൽ

online fraud

യദുകൃഷ്‌ണൻ

വെബ് ഡെസ്ക്

Published on Nov 25, 2025, 12:13 AM | 1 min read

ആലപ്പുഴ

ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ തൃക്കുന്നപ്പുഴ സ്വദേശിയിൽനിന്ന്‌ 16.6 ലക്ഷം തട്ടിയ സംഘത്തിലെ ഒരാളെക്കൂടി സൈബർ പൊലീസ് അറസ്‌റ്റ്‌ ചെയ്‌തു. കോഴിക്കോട് കൂടത്തായി സ്വദേശി യദുകൃഷ്‌ണൻ (26) ആണ് അറസ്‌റ്റിലായത്. ഇയാളെ ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട്‌ കോടതി റിമാൻഡ് ചെയ്‌തു. പരാതിക്കാരനിൽനിന്ന്‌ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചുവാങ്ങി ചെക്കുവഴി പിൻവലിച്ചയാളാണ് പ്രതി. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടായിരുന്നു തട്ടിപ്പ്. സ്വകാര്യ ഷെയർ ട്രേഡിങ് കമ്പനിയുടെ പ്രതിനിധിയാണെന്ന് പരിചയപ്പെടുത്തി വ്യാജ ഷെയർ ട്രേഡിങ് ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്‌റ്റാൾ ചെയ്യിപ്പിക്കുകയായിരുന്നു. ഇതിൽ പരാതിക്കാരനെക്കൊണ്ട് അക്കൗണ്ട് സൃഷ്‌ടിച്ചു. ശേഷം പ്രതികൾ നിർദേശിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് പണമയച്ചുവാങ്ങി. രണ്ട്‌ മാസത്തിനിടയിൽ 16.6 ലക്ഷം രൂപയാണ് പരാതിക്കാരൻ അയച്ചത്. വ്യാജ ആപ്ലിക്കേഷനിൽ ലാഭം സഹിതം പ്രദർശിപ്പിച്ചു. പണം പിൻവലിക്കാൻ സാധിക്കാതെ വന്നതോടെയാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. തുടർന്നാണ് പരാതി നൽകിയത്. എസ്‌പി എം പി മോഹനചന്ദ്രന്റെ നിർദേശപ്രകാരം സൈബർ ക്രൈം പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്‌റ്റർ ചെയ്‌തത്. സ്‌റ്റേഷൻ ഹൗസ് ഓഫീസർ ഏലിയാസ് പി ജോർജിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സബ് ഇൻസ്‌പെക്‌ടർ ആതിര ഉണ്ണികൃഷ്‌ണൻ, അസി. സബ് ഇൻസ്‌പെക്‌ടർ സജി ജോസ്, സിപിഒ ജേക്കബ് സേവ്യർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്‌റ്റ്‌ ചെയ്‌തത്. ചെക്കുവഴി പിൻവലിച്ച പണം കോഴിക്കോട് സ്വദേശിയായ സുഹൃത്തിന്‌ കൈമാറിയതായി പ്രതി പൊലീസിനോട് പറഞ്ഞു. ഈ കേസിൽ മറ്റൊരു പ്രതിയും മുന്പ്‌ അറസ്‌റ്റിലായിരുന്നു. നഷ്‌ടമായതിൽ 4.5 ലക്ഷം രൂപ പോയ ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തി മരവിപ്പിക്കാൻ സൈബർ പൊലീസിനായി.



deshabhimani section

Related News

View More
0 comments
Sort by

Home