ഭൂമി തരംമാറ്റത്തിന് പ്രവാസിയില്‍നിന്ന് അരക്കോടിയിലേറെ തട്ടി
യൂത്ത്കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അറസ്‌റ്റിൽ

സ്വന്തംലേഖകൻ
ചെങ്ങന്നൂര്‍
ഭൂമി തരംമാറ്റത്തിന്റെ പേരില്‍ പ്രവാസിയിൽനിന്ന് 62.74 ലക്ഷം രൂപ തട്ടിയെടുത്ത യൂത്ത് കോൺഗ്രസ് ചെങ്ങന്നൂർ മണ്ഡലം പ്രസിഡന്റ് പുത്തൻകാവ് ഐരൂക്കുഴി പള്ളത്ത് സുബിൻ മാത്യു (34) പിടിയിൽ. ചെങ്ങന്നൂര്‍ പുത്തന്‍കാവ് ഇടവത്ര പീടികയില്‍ ഫിലിപ്പ് മാത്യു നൽകിയ പരാതിയിലാണ് ചെങ്ങന്നൂർ പൊലീസ് അറസ്റ്റ്ചെയ്തത്. സുബിന്‍ മാത്യുവും സഹായി ഐഎൻടിയുസി പ്രവർത്തകൻ തിട്ടമേൽ അനീഷ് ഭവനത്തിൽ ചന്ദ്രനും ചേർന്ന് പലപ്പോഴായി 62,74,415 രൂപ തട്ടിയെടുത്തെന്നാണ് കേസ്. ഫിലിപ്പ് മാത്യുവിന്റെ ഭാര്യ മറിയാമ്മ ജോർജിന്റെ പേരില്‍ തിരുവനന്തപുരത്ത് കുറവൻകോണത്തുള്ള ഭൂമി തരം മാറ്റി കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഫെഡറല്‍ ബാങ്കിന്റെ ആറാട്ടുപുഴ ശാഖയിലെ ഫിലിപ്പ് മാത്യുവിന്റെ അക്കൗണ്ടില്‍നിന്നും ചെക്ക് മുഖേനയും നേരിട്ടും സുബിൻ മാത്യു 29,32,715 രൂപയും സുബിന്‍ പറഞ്ഞത് അനുസരിച്ച് ചന്ദ്രന്‍ പലപ്പോഴായി 31,43,350 രൂപ പണമായും ഉള്‍പ്പെടെ 62,74,415 രൂപ കൈപ്പറ്റിയെന്നും വസ്തുതരം മാറ്റി കൊടുക്കുകയോ വാങ്ങിയ രൂപ തിരികെ നല്‍കുകയോ ചെയ്യാതെ വഞ്ചിച്ചുവെന്നുമാണ് എഫ്‌ഐആർ. ചന്ദ്രനെതിരായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ഫിലിപ്പിന് റേഷന്‍ കാര്‍ഡിനായി സുബിൻ 37,500 രൂപയും ലൊക്കേഷന്‍ സ്‌കെച്ചിനായി 18,700 രൂപയും വാങ്ങിയതായി പറയുന്നു. സുബിന്റെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയില്‍ പണം നഷ്ടപ്പെട്ടതിനെതിരെ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന് ഫിലിപ്പ് പരാതി നല്‍കിയെങ്കിലും ആരും അനങ്ങിയില്ല.









0 comments