ആനന്ദ് കെ തമ്പിയുടെ ആത്മഹത്യ
പ്രതിസന്ധിയിലായി ബിജെപി; പ്രവർത്തകർക്കും അതൃപ്തി

തിരുവനന്തപുരം
ബിജെപിയുടെ കൊലയാളി രാഷ്‌ട്രീയം ആകെ ചർച്ചയായതോടെ തെരഞ്ഞെടുപ്പ് രംഗത്ത് പ്രതിസന്ധിയിലായി ബിജെപി. ആനന്ദ് കെ തമ്പിയുടെയും തിരുമല കൗൺസിലർ അനിലിന്റെയും ആത്മഹത്യകൾ തിരിഞ്ഞുകുത്തുന്നു. സജീവ ആർഎസ്‌എസ് പ്രവർത്തകനായിരുന്ന ആനന്ദ് ബിജെപിയുടെ എല്ലാ പരിപാടികളിലും ഭാഗമായിരുന്നു. അടുത്തിടെ പങ്കെടുത്ത പരിപാടികളുടെ ചിത്രംപോലും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. തൃക്കണ്ണാപുരത്ത് സ്ഥാനാർഥിയാക്കാമെന്നായിരുന്നു നേതൃത്വത്തിന്റെ ഉറപ്പ്. എന്നാൽ അതുണ്ടായില്ല. തുടർന്ന് ശിവസേനയിൽ ചേർന്ന് ബിജെപിക്കെതിരെ മത്സരരംഗത്തെത്തി. വാർഡ് കൺവൻഷൻ നടക്കുന്ന ദിവസമാണ് ബിജെപിയുടെ ഭീഷണി താങ്ങാനാകാതെ മരണത്തിന്റെ വഴി തെരഞ്ഞെടുത്തത്. ആത്മഹത്യാക്കുറിപ്പിൽ ഇത് വ്യക്തമാക്കിയിരുന്നു. എന്നാൽ മരണശേഷം സ്വന്തം പാർടിക്കാരനെ തള്ളിപ്പറഞ്ഞു നേതൃത്വം. ജനറൽ സെക്രട്ടറി എസ് സുരേഷിനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവച്ച് ആർഎസ്എസ് മണ്ഡൽ കാര്യവാഹ് അതൃപ്‌തി അറിയിച്ചു. ബിസി മോർച്ച ദേശീയ എക്സിക്യൂട്ടീവ് അംഗം ബിന്ദു വലിയശാലയും പ്രതിഷേധവുമായി രംഗത്തെത്തി. ‘മൂന്നും നാലും വർഷം പ്രവർത്തിക്കാതെ മാറിനിന്നവർക്ക് സീറ്റ് കൊടുക്കാം. ഒരേ വാർഡിൽ ഒന്നും രണ്ടും തവണനിന്ന് തോറ്റവർക്ക് അതേവാർഡിൽ വീണ്ടും കൊടുക്കാം. ചില വാർഡുകളിൽ ജാതിയും വർണവും നോക്കി അവസരം കൊടുക്കാം. ഇഷ്ടക്കാരെ വാർഡ് പ്രവർത്തകരുടെ അനുവാദം ഇല്ലാതെ മത്സരിപ്പിക്കാം. ഒന്നും പ്രതീക്ഷിക്കാതെ കൂടെനിൽക്കുന്നവർക്ക് എന്താണ് നൽകുന്നത്’– ബിന്ദു കുറിപ്പിലൂടെ ചോദിച്ചു. ഫാംടൂർ സഹകരണ സംഘത്തിൽനിന്ന് ബിജെപി പ്രവർത്തകരെടുത്ത വായ്‌പകൾ തിരിച്ചടയ്‌ക്കാതായതോടെ സാന്പത്തിക ബാധ്യതയിലായ മനോദുഃഖത്തിലാണ് തിരുമല അനിൽ ജീവനൊടുക്കിയത്. സത്യാവസ്ഥ പുറത്തുപറയാൻ സമ്മതിക്കാതെ കുടുംബത്തെ ഭീഷണിപ്പെടുത്തിയവർ, ഒപ്പമുണ്ടാകുമെന്ന് ഉറപ്പുകൊടുത്ത് കബളിപ്പിച്ചു. ദുരിതത്തിലായ കുടുംബത്തെ സഹായിക്കാനോ പിന്നീട് അനിലിന്റെ വീട്ടിലേക്ക് തിരിഞ്ഞുനോക്കാനോ തയ്യാറായില്ല. നാട്ടുകാർക്കൊപ്പം സ്വന്തംപാർടിയിലുള്ളവരും ആർഎസ്‌എസും വിയോജിപ്പുകൾ തുറന്നടിച്ചതോടെ നേതൃത്വം കടുത്ത പ്രതിസന്ധിയിലാണ്.









0 comments